ചക്രം പൊട്ടിയ സ്പൈസ് ജെറ്റ് വിമാനം ദുബൈയില്‍ അടിയന്തരമായി ഇറക്കി
ദുബൈ: ദുബൈയില്‍നിന്ന് പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം ചക്രം പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടുപറന്ന വിമാനം ദുബൈയിലെതന്നെ മറ്റൊരു വിമാനത്താവളത്തില്‍ ഇറക്കിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെ 180ഓളം യാത്രക്കാര്‍ക്ക് ശ്വാസം നേരെ വീണത്. അതേസമയം, യാത്ര മുടങ്ങിയ യാത്രക്കാരോട് അധികൃതര്‍ മോശമായി പെരുമാറിയതായും പരാതിയുയര്‍ന്നു. പകരം വിമാനമില്ലാതെ യാത്രക്കാര്‍ ശനിയാഴ്ച രാത്രിയും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് വലിയ ദുരന്തത്തില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. ടെര്‍മിനല്‍ ഒന്നില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട എസ് ജി 014 ബോയിങ് വിമാനം 5.15നാണ് പറന്നുയര്‍ന്നത്. വിമാനത്തിന്‍െറ പിന്‍ഭാഗത്തെ വലതുചക്രമാണ് പൊട്ടിയത്. മലയാളികള്‍ ഉള്‍പ്പെടെ 180 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
മുംബൈ-മംഗലാപുരം വഴി നാട്ടിലേക്ക് പോകേണ്ട കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളായിരുന്നു ഇവര്‍. വിമാനം ഉയര്‍ന്ന ഉടന്‍ ചക്രം പൊട്ടിയ വലിയ ശബ്ദം കേട്ടതായി യാത്രക്കാരനായ കാസര്‍കോട് സ്വദേശി പ്രഭാകരന്‍ മുല്ലച്ചേരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാനായി ശ്രമം. എന്നാല്‍, ദുബൈ ജബല്‍ അലിയിലെ പുതിയ ആല്‍ മക്തൂം വിമാനത്താവളത്തില്‍ മൂന്നുവട്ടം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാലാം ശ്രമത്തില്‍ രാവിലെ 7.45ന് സുരക്ഷിതമായി വിമാനം നിലത്തിറക്കി. ദുബൈ പൊലീസ്, ആംബുലന്‍സ്, അഗ്നിശമനസേന തുടങ്ങി എല്ലാ സുരക്ഷാസന്നാഹങ്ങളും ആല്‍ മക്തൂം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്നു.
തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇതിനിടെ, യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലോ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുന്നതിലോ സ്പൈസ് ജെറ്റ് അധികൃതര്‍ അലംഭാവം കാട്ടിയതായി യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ യാത്രക്കാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് മാത്രമാണ് ബര്‍ഗറും കാപ്പിയും തന്നതെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരും ഇതുമൂലം ദുരിതത്തിലായി. ഞായറാഴ്ച നടക്കുന്ന വിവാഹ ച്ചടങ്ങുകളില്‍ പങ്കെടുക്കാനായി പോകുന്നവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയില്‍നിന്ന് പുതിയ വിമാനം വന്നതിനുശേഷം, ശനിയാഴ്ച വൈകീട്ട് പുറപ്പെടുമെന്നാണ് യാത്രക്കാരെ ആദ്യം അറിയിച്ചത്. എന്നാല്‍, ആ സര്‍വിസും മുടങ്ങി. പിന്നീട് ഞായറാഴ്ച രാവിലെ നാലിനുള്ള വിമാനത്തില്‍ ഇവരെ കൊണ്ടുപോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇതിനിടെ അടിയന്തരമായി നാട്ടിലെത്തേണ്ട 30ഓളം പേര്‍ സ്പൈസ് ജെറ്റ് ടിക്കറ്റ് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ യാത്രയായി. റദ്ദാക്കിയ ടിക്കറ്റ് തുക 10 ദിവസം കഴിഞ്ഞ് തരാമെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞതെന്നും യാത്രക്കാര്‍ പരാ
തിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.