??????? ????????????????????? (???????????)

പാമ്പുകള്‍ക്കായില്ല തോല്‍പിക്കാന്‍,  സ്വയം കീഴടങ്ങി സജീവന്‍

ബേപ്പൂര്‍: കരിനാഗങ്ങള്‍ ആഞ്ഞുകൊത്തിയിട്ടും കീഴടക്കാനാകാത്ത ജീവന്‍, സ്വയം എടുത്താണ് സജീവന്‍ യാത്രയായത്. പാമ്പ് പിടിത്തക്കാരന്‍ എന്ന നിലക്കാണ് അറിയപ്പെടുന്നതെങ്കിലും പാമ്പുകളുടെ തോഴനായിരുന്നു ഇദ്ദേഹം. കോഴിക്കോടും സമീപപ്രദേശങ്ങളിലുംനിന്ന് പാമ്പിനെക്കണ്ട് ഭയക്കുന്നവര്‍ അവയെ സ്നേഹത്തോടെ കീഴടക്കാന്‍ സജീവന്‍െറ ഫോണ്‍ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്‍െറ സിദ്ധി ഏറെ പ്രയോജനപ്പെടുത്തിയത് കേരള വനം വകുപ്പാണ്. 
വനം വകുപ്പില്‍ താല്‍കാലിക കാഷ്വല്‍ വാച്ചറായിരുന്നു.18 വര്‍ഷമായി ഈ വകുപ്പില്‍ സഹകരിച്ചിട്ടും സ്ഥിരപ്പെടുത്തിയില്ല. ചെറുപാമ്പുകള്‍ മുതല്‍ രാജവെമ്പാലയെവരെ പരിക്കൊന്നും ഏല്‍പിക്കാതെ പിടികൂടി വയനാട്ടിലോ താമരശ്ശേരിയിലോ കാടുകളില്‍ കൊണ്ടുപോയി സ്വതന്ത്രമാക്കും. ഇതിനിടെ, പാമ്പുകളുമായി നാട്ടുകാര്‍ക്ക് മുന്നില്‍ അഭ്യാസം കാട്ടി അവയെ ഭയപ്പെടാതിരിക്കാനും സ്നേഹിക്കാനും ഉപദേശിക്കും. ഇതിനിടെ, ഒട്ടേറെ തവണ സജീവന് പാമ്പു കടിയേറ്റിട്ടുണ്ട്.  അതില്‍നിന്നൊക്കെ രക്ഷപ്പെട്ട സജീവനെ കഴിഞ്ഞ ഏപ്രില്‍ 27ന് ഒളവണ്ണയില്‍നിന്ന് വീണ്ടും മൂര്‍ഖന്‍െറ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 
മെഡിക്കല്‍ കോളജിലും ബീച്ചാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമൊക്കെയായി മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് വീട്ടിലത്തെിയത്. വിഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറക്കുറെ ചികിത്സയില്‍ പരിഹരിച്ചെങ്കിലും സജീവന്‍ കടുത്ത മാനസിക സംഘര്‍ഷത്തിന് വിധേയനായിരുന്നു. അങ്കണവാടി ഹെല്‍പറായ ഭാര്യ ലില്ലിയും മക്കളായ നവീന്‍, നെല്‍സി എന്നിവരും സാന്ത്വനവുമായി കൂടെയുണ്ടായിട്ടും വ്യാഴാഴ്ച പുലര്‍ച്ചക്ക് എപ്പോഴോ സജീവന്‍ സ്വജീവന്‍ ബലിയര്‍പ്പിച്ചു. ചെറുവീട്ടിലെ ഹാളില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ട ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കുറ്റ്യാടി വള്ളുമടത്തില്‍ വിശ്വനാഥന്‍ നമ്പീശന്‍െറയും രമണിയുടെയും മകനാണ്. യുവാവായിരിക്കെ നഗരത്തിലത്തെപ്പെട്ട് ക്രിസ്തുമതം സ്വീകരിക്കുകയും ഭാര്യയോടൊപ്പം ബേപ്പൂര്‍ കയര്‍ കമ്പനിക്ക് സമീപം തൈവളപ്പില്‍ തൊടിയില്‍ താമസമാക്കുകയും ചെയ്തു. തുച്ഛവേതനത്തിന് വനം വകുപ്പില്‍ ജോലിചെയ്ത ഇദ്ദേഹം പാമ്പിനെയും കടന്നലിനെയുമൊക്കെ ഒഴിവാക്കാന്‍ നാട്ടുകാര്‍ നല്‍കുന്ന ചില്ലറ കൂട്ടിയാണ് ജീവിതത്തിന്‍െറ രണ്ടറ്റം മുട്ടിച്ചത്. ശാരീരിക അവശതകളും ദാരിദ്ര്യവുമാണ് ഇദ്ദേഹത്തെ മരണത്തിന്‍െറ വഴിയിലത്തെിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകനെങ്കിലും ഒരു സ്ഥിരം തൊഴില്‍ നല്‍കി ഈ കുടുംബത്തെ രക്ഷപ്പെടുത്താന്‍ വനം വകുപ്പ് തയാറാകണമെന്നാണ് പൊതുവികാരം. ബേപ്പൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മാത്തോട്ടം വനശ്രീയില്‍ അന്ത്യോപചാരം നല്‍കി വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.