കോഴിക്കോട്: വയനാട് ജംഗ്ൾ പാർക്ക്, ഗ്രീൻ മാജിക് റിസോർട്ടുകളുടെ ഉടമ കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിയിൽ അബ്ദുൽ കരീം (60) വധിക്കപ്പെട്ട കേസിൽ മൂന്നു പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 1.2 ലക്ഷം വീതം പിഴയും. നേരത്തേ വിചാരണവേളയിൽ ഒളിവിൽപോയ തൃശൂർ മുപ്ലിയം ജോഷി ദാസ് (41), തൃശൂർ നെല്ലായി പുത്തരിക്കാട്ടിൽ സുഭാഷ് എന്ന കണ്ണൻ (40), തൃശൂർ മതിലകം കമ്പളപ്പറമ്പിൽ സചിൻ എന്ന സജി (42) എന്നിവർക്കാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തം കൂടാതെ 21 കൊല്ലവും മൂന്നു മാസവുമാണ് ശിക്ഷയെങ്കിലും തടവ് ഒന്നിച്ച് ഒറ്റത്തവണ ജീവപര്യന്തമായി അനുഭവിച്ചാൽ മതി.
കൊല, കൊലക്കായി തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്കാണ് ജീവപര്യന്തം. പിഴയടച്ചാൽ ലക്ഷം രൂപ കരീമിെൻറ ഭാര്യ ഷെറിനും 20,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ കരീമിെൻറ ഡ്രൈവർ ശിവനും നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്നു കൊല്ലംകൂടി തടവനുഭവിക്കണം. കേസിൽ മറ്റു പ്രതികളും ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് ആരോപിക്കപ്പെട്ടവരുമായ റോണി തോമസ്, അനിലൻ, സുധീർ എന്നിവരെ വടകര അഡി. ജില്ലാ ജഡ്ജി സി.കെ. സോമരാജൻ 2012 ഒക്ടോബർ 25ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയിൽ പങ്കാളിയായെന്ന കുറ്റംചുമത്തിയ മറ്റു പ്രതികളെ വിട്ടയക്കുകയും ചെയ്തു. കേസിൽ മറ്റൊരു പ്രതി ഹനീഫ ഒളിവിലാണ്.
2006 ഫെബ്രുവരി 11ന് രാത്രിയാണ് സംഭവം. റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട വിരോധത്തെ തുടർന്ന് കരീമിെൻറ പഴയ സുഹൃത്തായ ബാബുവർഗീസ് നിയോഗിച്ച ആറുപേരടങ്ങുന്ന ക്വട്ടേഷൻസംഘം വാഹനത്തിൽ പിന്തുടർന്ന് വയനാട് ചുരം ഒമ്പതാം വളവിൽവെച്ച് കരീമിനെയും ഡ്രൈവർ പൊക്കുന്ന് ചാലീക്കര ശിവനെയും (63) ആക്രമിച്ച് തുഷാരഗിരി റോഡിൽ ചിപ്പിലിത്തോട് പാതയിൽ തള്ളിയെന്നാണ് കേസ്. ശിവൻ മാരക പരിക്കോടെ രക്ഷപ്പെട്ടു. ഇയാളുടെ മൊഴി കേസിൽ നിർണായകമായി. കേസിൽ പ്രധാന പ്രതിയായ ബാബു വർഗീസിന് റിസോർട്ട് നടത്തിപ്പുമായി കരീമുമായുണ്ടായ അസ്വാരസ്യം കൊലക്ക് കാരണമായതായാണ് കേസ്.
ബാബു വർഗീസ് വിചാരണക്കിടെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി. സുഗതൻ, അഡ്വ. ബി.വി. ദീപു എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 104 സാക്ഷികളെ വിസ്തരിച്ചു. 205 രേഖകളും 67 തൊണ്ടിസാധനങ്ങളും ഹാജരാക്കി. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും ഏഴു രേഖകൾ ഹാജരാക്കുകയും ചെയ്തു. കരീമിെൻറ ക്വാളിസ് കാറിൽ കണ്ടെത്തിയ ജോഷി ദാസിെൻറ വിരലടയാളവും പ്രതികളെ തിരിച്ചറിയൽ പരേഡ് നടത്തിയ മജിസ്ട്രേറ്റിെൻറ മൊഴിയും നിർണായകമായി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൽ ഹമീദാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.