തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നു. മന്ത്രി കെ.സി ജോസഫ്, കെ. ബാബു, ബെന്നി ബെഹനാൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അടക്കമുള്ള കോൺഗ്രസ് എ വിഭാഗം നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ കൃഷി മന്ത്രി കെ.പി മോഹനനും ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിലെ യോഗം ഇപ്പോഴും തുടരുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് എ വിഭാഗം നേതാക്കൾ രാത്രി ക്ലിഫ് ഹൗസിൽ വീണ്ടും യോഗം ചേരുന്നത്. സോളാർ കേസിൽ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിലുള്ള എ വിഭാഗം യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
വിജിലൻസ് കോടതി ഉത്തരവിനെ കുറിച്ച് നെടുമ്പാശേരിയിൽവെച്ച് അഡ്വക്കേറ്റ് ജനറലുമായി ഉമ്മൻചാണ്ടി ചർച്ച നടത്തിയിരുന്നു. മന്ത്രി ആര്യാടൻ മുഹമ്മദും കെ. ബാബുവും ബെന്നി ബെഹനാനും ഈ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് വിജിലൻസ് കോടതി ഉത്തരവിനെതിരെ സ്വകാര്യ അപ്പീൽ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.