സി.പി.ഐ ജനകീയ യാത്രക്ക് തുടക്കം

മഞ്ചേശ്വരം (കാസര്‍കോട്): സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കം. ‘മതനിരപേക്ഷത, സാമൂഹിക നീതി, സുസ്ഥിര വികസനം, അഴിമതി മുക്ത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്ര, ജാഥാ ലീഡര്‍ കാനം രാജേന്ദ്രന് പതാക കൈമാറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഫ്യൂഡലിസത്തിനും ബ്രിട്ടീഷ് ഭരണത്തിനും ജാതി-ജന്മിത്തത്തിനുമെതിരെ പോരാടിയ കേരളത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാണക്കേടായി മാറിയെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്ന സരിത നായരുടെ വെളിപ്പെടുത്തല്‍ കേരള സംസ്കാരത്തിന് നാണക്കേടായിരിക്കുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്ക് ഇതിനകം അഴിമതി കേസില്‍ രാജിവെക്കേണ്ടിവന്നു.

അഴിമതികൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരളം. ഇവരാണ് അഴിമതിക്കെതിരെ ജാഥ നടത്തുന്നത്. മറ്റൊരു യാത്ര ബി.ജെ.പിയുടേതാണ്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അഴിമതി കേസില്‍ പെട്ടിരിക്കുകയാണ്. അഴിമതി കേസില്‍ രാജിവെച്ച യദിയൂരപ്പയെയാണ് നരേന്ദ്രമോദി വിളിച്ചുവരുത്തി പാര്‍ലമെന്‍റില്‍ എത്തിച്ചത്. ലളിത്മോദിയെ സഹായിച്ച സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ബി.ജെ.പി നടത്തുന്നത്. ക്രൂഡ്ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും അതിന്‍െറ ഗുണം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാതെ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നു -റെഡ്ഡി പറഞ്ഞു.

കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതി അംഗം കെ.ഇ. ഇസ്മാഈല്‍, ബിനോയ് വിശ്വം എന്നിവര്‍ സംസാരിച്ചു. സി.എന്‍. ജയദേവന്‍ എം.പി, കെ.പി. രാജേന്ദ്രന്‍, ടി. പുരുഷോത്തമന്‍, കെ.വി. കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബി.വി. രാജന്‍ സ്വാഗതം പറഞ്ഞു.
സത്യന്‍ മൊകേരിയാണ് ജാഥാ ഡയറക്ടര്‍. മുല്ലക്കര രത്നാകരന്‍ വൈസ് ക്യാപ്റ്റന്‍. പി. പ്രസാദ്, കെ. രാജന്‍, ടി.ജെ. ആഞ്ചലോസ്, ചിഞ്ചുറാണി, വി. വിനില്‍ എന്നിവരാണ് സ്ഥിരം അംഗങ്ങള്‍. ജാഥ ഫെബ്രുവരി 18ന് തിരുവനന്തപുരത്ത് സമാപിക്കും.

ലാവലിന് പ്രസക്തിയില്ല; പിണറായി കുറ്റവിമുക്തന്‍ –കാനം
കാസര്‍കോട്: ലാവലിന്‍ കേസിന് ഇപ്പോള്‍ പ്രസക്തിയില്ളെന്നും പിണറായി വിജയന്‍ കുറ്റവിമുക്തനായ സാഹചര്യമാണ് നിലവിലുള്ളതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ യാത്രക്ക് മുന്നോടിയായി പ്രസ് ക്ളബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവലിന്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ പുന$പരിശോധനാ ഹരജി നല്‍കിയെന്നതുകൊണ്ട് ധാര്‍മികതയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. ഹൈകോടതിയുടെ വിധി വന്ന ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് നിയമമാണ് ബാധകമാവുക. പിണറായി മത്സരിക്കുമോയെന്ന് അദ്ദേഹത്തിന്‍െറ പാര്‍ട്ടിയോട് ചോദിക്കണം.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്‍.ഡി.എഫിന്‍െറ മദ്യനയമാണ് നടപ്പാക്കുക. അത് എങ്ങനെയാണെന്ന് എല്‍.ഡി.എഫ് ആലോചിക്കും. യു.ഡി.എഫിന്‍െറ നയം അനുസരിച്ചാണ് ബാറുകള്‍ അടച്ചത്. കോണ്‍ഗ്രസ് തന്നെയാണ് കര്‍ണാടകയും ഭരിക്കുന്നത്. പക്ഷേ, അവിടെ 1400 ബാറുകള്‍ തുറക്കുകയാണ് ചെയ്തത്. കേരളത്തില്‍ ഇപ്പോള്‍ സമാന്തര ലഹരി സംവിധാനമുണ്ട്. മദ്യത്തിന്‍െറ ഉപഭോഗം കുറഞ്ഞുവെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് എല്‍.ഡി.എഫ് ബാറുകള്‍ തുറക്കുമെന്നും അര്‍ഥമില്ല. എന്നാല്‍, ഇപ്പോഴത്തെ നയം മദ്യ ഉപഭോഗം കുറക്കില്ല. മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് നയം -കാനം പറഞ്ഞു.സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.