തിരുവനന്തപുരം: എല്ലാവർക്കും വീട് എന്ന പദ്ധതിയിൽപ്പെടുത്തി 1.7 ലക്ഷം വീടുകൾ നിർമിച്ച് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എം.എൻ ലക്ഷം വീട് പദ്ധതിയിൽ ലഭിച്ച വീടുകളുടെ പുനരുദ്ധാരണം, മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട് അനുവദിച്ചവർ (സ്വന്തമായി ഭൂമിയുള്ളതും രണ്ട് ലക്ഷത്തിനുള്ളിൽ വരുമാനമുള്ളതുമായ വിഭാഗം), സീറോ ലാൻഡ് ലെസ് സ്കീമിൽ ഭൂമി ലഭിച്ചവർ എന്നീ മൂന്ന് വിഭാഗങ്ങൾക്കാണ് വീട് നൽകുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ കമീഷണറേറ്റിൽ 138 തസ്തികകളും പട്ടിക വികസന വകുപ്പിൽ 108 ആയമാരെയും പുതിയതായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഭൂമി നൽകിയത് വഴി കൊച്ചി ഇഗ്നോ നൽകാനുള്ള പാട്ട കുടിശികയായ 1.64 കോടി രൂപയും അനെർട്ട് നൽകാനുള്ള കുടിശികയും എഴുതിത്തള്ളാൻ തീരുമാനിച്ചു.
എറണാകുളം കലൂരിൽ മെട്രോ റെയിൽ പദ്ധതിക്കായി സെന്‍റ് ആൽബർട്ട്സ് കോളജ് കൈമാറിയ 88 സെന്‍റ് സ്ഥലത്തിന് പകരം ഭൂമി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജി.സി.ഡി.എയുടെ 74 സെന്‍റും സർക്കാരിന്‍റെ 14 സെന്‍റ് സ്ഥലവുമാണ് നൽകുക. ഇതിന്‍റെ പാട്ട കുടിശിക എഴുതിത്തള്ളാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നാടാർ സമുദായ ഉന്നമനത്തിന് വേണ്ടിരൂപീകരിച്ച കമീഷന്‍റെ കാലാവധി ആറു മാസം കൂടി നീട്ടും. ജനുവരി 21നാണ് കാലാവധി കഴിഞ്ഞത്.
മലപ്പുറത്ത് ഇഫ്ളു ക്യാമ്പസ് സ്ഥാപിക്കാൻ നൽകിയ 30 ഏക്കർ ഭൂമി തിരിച്ചെടുക്കാനും അതിൽ 25 ഏക്കർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും അഞ്ച് ഏക്കർ സർക്കാർ കോളജ് സ്ഥാപിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി.
ആറന്മുള-ഹരിപ്പാട് മുൻ എം.എൽ.എ കെ.കെ ശ്രീനിവാസന് സ്മാരകം പണിയാൻ 10 ലക്ഷം രൂപ അനുവദിച്ചു. ശ്രീനിവാസന്‍റെ കുടുംബാംഗങ്ങൾ നൽകിയ ഭൂമിയിലാണ് സ്മാരകം പണിയുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചിയിൽ നടന്ന ബ്ലൈൻഡ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ നടത്തിപ്പിന് 25 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.