കൽപനക്ക് നാടിന്‍റെ ആന്ത്യാഞ്ജലി

കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കല്‍പനക്ക് നാടിന്റെ അന്ത്യാഞ്ജലി. വൈകിട്ട് അഞ്ചരക്ക് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ കൽപനയുടെ ഭൗതികശരീരം തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തിലാണ് സംസ്കരിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചലച്ചിത്ര താരങ്ങളും സിനിമാ പ്രവർത്തകരുമുൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം പിന്നീട് തൃപ്പുണിത്തറയിലെ ഫ്ലാറ്റിലെത്തിച്ചിരുന്നു.

ഹൈദരാബാദിൽ നിന്നും ചൊവ്വാഴ്ച ഉച്ചക്ക്  12.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാൻ സിനിമ രംഗത്തെ പ്രമുഖരും, ആരാധകരും, ബന്ധുക്കളും എത്തിയിരുന്നു. വിലാപയാത്രയായിട്ടാണ് മൃതദേഹം തൃപ്പുണിത്തുറയിലേക്ക് കൊണ്ടുപോയത്.

നേരത്തെ, ഹൈദരാബാദ് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ ചലച്ചിത്രപ്രവര്‍ത്തകരും ഹൈദരാബാദ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് കൽപന മരണപ്പെട്ടത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ചാർലിയാണ് കൽപന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. പോക്കുവെയിൽ, പഞ്ചവടിപ്പാലം, സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി എന്നിവയടക്കം മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നാടകപ്രവർത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബർ അഞ്ചിനാണ് ജനനം. ബാലതാരമായാണ് സിനിമയിൽ എത്തിയത്. 1983ൽ പുറത്തിറങ്ങിയ 'മഞ്ഞ്' ആണ് ആദ്യ ചിത്രം. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.