രോഹിത് വെമുലയുടെ ആത്മഹത്യ: രാജ്ഭവനു മുന്നില്‍ 28ന് പൗരാവകാശ സഭ

തിരുവനന്തപുരം: ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യചെയ്ത ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയെ അനുസ്മരിച്ച് രാജ്ഭവനു മുന്നില്‍ 28ന് പൗരാവകാശസഭ നടത്തുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദലിത്-ആദിവാസി-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവകാശങ്ങള്‍ക്കായി കാമ്പസുകളില്‍ പൊരുതേണ്ടിവരുന്ന അവസ്ഥയുണ്ട്. പ്രാകൃതമായ ജാതിമൂല്യങ്ങളെയും അതിക്രമത്തെയും ഇന്നത്തെ ഭരണകൂടം കലവറയില്ലാതെ പിന്തുണക്കുകയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ രാഷ്ട്രീയ പ്രമാണിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കേരളത്തിലെ കാമ്പസുകളിലും ദലിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വിവേചനത്തിന് ഇരയാവുന്നുണ്ട്. കോട്ടയം ഗാന്ധി സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി ദീപാമോഹനെ ലാബില്‍ പൂട്ടിയിട്ടത് ഇതിന് ഉദാഹരണമാണ്. ഫെലോഷിപ് സമയത്ത് ലഭിക്കാതെ ഗവേഷണം തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്. ദലിത് വിദ്യാര്‍ഥികള്‍ കാമ്പസില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം നടത്താന്‍ തയാറാവണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ടി. പീറ്റര്‍, ഗോപി കൊട്ടിയം തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.