ശ്രീധരൻ നായരോടൊപ്പം സരിതയെ കണ്ടില്ല; സോളാർ കമീഷനിൽ മുഖ്യമന്ത്രി

തിരുവനന്തപുരം : ക്രഷർ ഉടമ അടൂരിലെ ശ്രീധരൻ നായരോടൊപ്പം താൻ സരിത എസ്. നായരെ സെക്രട്ടറിയെറ്റിലെ ഓഫീസിൽ കണ്ടെന്ന ആരോപണം മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സോളാർ കമ്മിഷനു മുന്നിൽ നിഷേധിച്ചു. ശ്രീധരൻ നായരെ കണ്ടതു ശരിയാണ്. ക്രഷർ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതു പ്രകാരമാണ് കാണാൻ അനുമതി കൊടുത്തത്. ഈ സമയം സരിത സെക്രട്ടറിയെറ്റിൽ ഉണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി കമ്മിഷന്‍റെ ചോദ്യത്തിന് മറുപടി നൽകി .
ശ്രീധരൻ നായർ കാണാൻ വന്ന സമയത്ത് സരിത അവിടെ ഉണ്ടായിരുന്നുവെന്ന് സൗത്ത് സോൺ എ.ഡി.ജി.പി  എ. ഹേമചന്ദ്രന്‍റെ മൊഴിയിൽ ഉള്ളതായി കമീഷൻ ജസ്റ്റിസ് ശിവരാജൻ ചൂണ്ടിക്കാണിച്ചപ്പോൾ ഓഫിസിന് അകത്തും പുറത്തും വഴിയിൽ വെച്ചും താൻ ആളുകളോട് സംസാരിക്കാറുണ്ടെന്നും ആരൊക്കെ വന്നു എന്ന് കൃത്യമായി അറിയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി .
 
ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന തരാൻ ആഗ്രഹം ഉണ്ടെന്നു സരിത അറിയിച്ചിരുന്നു. അതിനു അവർക്ക് അനുമതി കൊടുക്കുകയും അവർ വന്നു പണം തരുകയും മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിൽ നന്ദി അറിയിക്കുകയും ചെയ്തു. ഈ ലെറ്റർഹെഡ് പിന്നീട് ദുരുപയോഗം ചെയ്തു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളാർ കമീഷൻ മുമ്പാകെ ഹാജരായപ്പോൾ
 

ഡൽഹി വിജ്ഞാൻ ഭവനിൽ താൻ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ സരിത തന്നെ കാണാൻ അപ്പോയിന്‍റ്മെന്‍റ് എടുത്തതായി  തോമസ്‌ കുരുവിള കമ്മിഷന് മൊഴി കൊടുത്തത് ഏതു സാഹചര്യത്തിൽ ആണെന്ന് അറിയില്ല.  വലിയ സെക്യൂരിറ്റി ഉള്ള അവിടെ സരിത എത്താൻ വഴിയില്ല. അവിടെ വെച്ച് താൻ കണ്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സോളാർ തട്ടിപ്പിലെ എല്ലാ കേസുകളും സമഗ്രമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് . ആര് തെറ്റു ചെയ്താലും പുറത്തു വരണം എന്നാണ് നിലപാടെന്നു മുഖ്യമന്ത്രി പറഞ്ഞു. . എന്നാൽ എ.ഡി.ജി.പി ഹേമചന്ദ്രന്റെ മൊഴിയും മുഖ്യമന്ത്രി പറയുന്നതും തമ്മിൽ വൈരുധ്യം ഉണ്ടെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതേ പറ്റിയുള്ള കൂടുതൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. കാലത്ത് 11 മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചക്ക് ഒരു മണി വരെ തുടർന്നു . ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ വിസ്താരം നടക്കും.
തെളിവെടുപ്പിന് തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 10.45ന് തന്നെ മുഖ്യമന്ത്രി ഹാജരായിരുന്നു. 11 മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.

അതേസമയം, സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന് മുൻപാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലം സമർപ്പിച്ചു. സരിതയെ കണ്ടെന്ന ആരോപണത്തിൽ നേരത്തേ നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ തനിക്ക് പിശകുപറ്റിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. തിയതി സംബന്ധിച്ച് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളാണ് നിയമസഭയിൽ വിശദീകരിച്ചത്. ഇതുമൂലമാണ് പിഴവ് സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഭിഭാഷകൻ മുഖേനയാണ് മുഖ്യമന്ത്രി സത്യവാങ്മൂലം സമർപ്പിച്ചത്.

സോളാർ ഇടപാടിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. സോളാർ കേസ് മൂലം പ്രതികളെ സഹായിക്കാൻ താനോ തന്‍റെ ഓഫിസോ കൂട്ടുനിന്നിട്ടില്ല. എന്നാൽ തന്‍റെ പേഴ്സണൽ സ്റ്റാഫിലെ ചില അംഗങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി. ഇതേതുടർന്ന് ആരോപണവിധേയരാവരെ ഒഴിവാക്കി. ബിജു രാധാകൃഷ്ണൻ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്. അതിലെ ഉള്ളടക്കം വെളിപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരൻ നായരെയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ല. ക്രഷർ യൂണിറ്റിന്‍റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ശ്രീധരൻ നായർ തന്നെ സന്ദർശിച്ചത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്നില്‍ ഹാജരാകേണ്ടി വരുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയായിരുന്നു. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് കമീഷൻ ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.