മുല്ലപ്പെരിയാര്‍ ജലനിരപ്പ് 128 അടിയായി കുറഞ്ഞു

കുമളി: ഒരു മാസത്തിലധികം നീണ്ട ഭീതിക്ക് നേരിയ ആശ്വാസം നല്‍കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 128 അടിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായത്. ജലനിരപ്പ് ഇതിനും മുകളിലേക്ക് ഉയരുമെന്ന ഘട്ടമത്തെിയതോടെ ഇടുക്കി ജലസംഭരണിയിലേക്ക് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ജലം തുറന്നുവിട്ടത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളം ഭീതിയിലാഴ്ന്നപ്പോഴും ജലനിരപ്പ് 140ല്‍ താഴാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു തമിഴ്നാട്്.
ഒരുമാസത്തോളം 140 അടിയില്‍ നിലനിര്‍ത്തിയ ശേഷമാണ് അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ തമിഴ്നാട് നടപടി തുടങ്ങിയത്. ആശങ്കയുയര്‍ന്നതോടെ പ്രദേശം നേരില്‍കണ്ട് മുന്‍കരുതല്‍ നടപടി വിലയിരുത്താന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അണക്കെട്ടിലത്തെിയിരുന്നു.
ജലനിരപ്പ് താഴ്ന്നതോടെ അണക്കെട്ടിലെ അറ്റകുറ്റപ്പണിയും പെയ്ന്‍റിങ് ജോലികളും പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടെ വേനല്‍ കടുത്തതോടെ നീരൊഴുക്ക് സെക്കന്‍ഡില്‍ 272 ഘനഅടി മാത്രമായി ചുരുങ്ങി.
തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 1272 ഘനഅടി ജലമാണ് ഇപ്പോള്‍ തുറന്നുവിട്ടിട്ടുള്ളത്. 4266 ദശലക്ഷം ഘനഅടി ജലമാണ് ഇപ്പോള്‍ അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.