മന്ത്രി കെ. ബാബു രാജിവെച്ചു

കൊച്ചി: ബാർ കോഴക്കേസിൽ കേസെടുക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്. കോടതി വിധി വന്ന ഉടൻ തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്നും ബാബു പറഞ്ഞു.

തനിക്കെതിരെ സി.പി.എം എം.എൽ.എ ശിവൻകുട്ടിയുടെ വീട്ടിൽവെച്ച് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാറുടമകളും ഗൂഢാലോചനകളിൽ പങ്കെടുത്തു. 2015 ഡിസംബർ 15ന് ഏഴുമണിക്കാണ് ശിവൻകുട്ടിയുടെ വീട്ടിൽ ഗൂഢാലോചന നടന്നത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയാൽ തെളിയിക്കാനാവും. മാന്യതയുടെ പേരിലാണ് ഇക്കാര്യം മുമ്പ് വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സത്യം പുറത്തുവരുമെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ബാബു പറഞ്ഞു. കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് രാജി. ഇനി മന്ത്രിയാകുമെന്ന് കരുതുന്നില്ല. രാജി തീരുമാനം വ്യക്തിപരമാണ്, സമ്മർദമുണ്ടായിട്ടില്ല. പൊതുപ്രവർത്തകനെന്ന നിലയിൽ സത്യസന്ധതയോടെയാണ് പ്രവർത്തിച്ചത്. തൃപ്പുണിത്തുറയിലെ ജനങ്ങളുടെ പിന്തുണ എന്നുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ബാബു കൂട്ടിച്ചേർത്തു.

കോടതി വിധി മാനിക്കുന്നു. തനിക്ക് പണം നൽകിയെന്നത് ബാറുടമ ബിജു രമേശിന്‍റെ ആരോപണം മാത്രമാണെന്നും തനിക്കെതിരെ ഇതുവരെ കേസൊന്നും ഇല്ലെന്നും ബാബു  പറഞ്ഞു. യു.ഡി.എഫിന്‍റെ മദ്യനയം തുടരുമോയെന്ന് സി.പി.എം വ്യക്തമാക്കണം. അവരും ബാർ അസോസിയേഷനും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു.

സാങ്കേതികത്വം പറഞ്ഞ് മന്ത്രിക്കസേരയിൽ കടിച്ച് തൂങ്ങില്ലെന്ന് മന്ത്രി ബാബു നേരത്തെ പറഞ്ഞിരുന്നു. അഴിമതി ആരോപണത്തിന്‍റെ പേരിൽ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ബാബു. ബാർ കോഴ കേസിലെ ഹൈകോടതി പരാമർശത്തിന്‍റെ പേരിൽ കെ.എം മാണി നേരത്തെ രാജിവെച്ചിരുന്നു. വിജിലൻസ് കോടതി ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ പ്രതികരിച്ചിരുന്നു.

ബാബു രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിധി വന്ന ഉടൻ പ്രതികരിച്ചിരുന്നു.

ബാര്‍കോഴ കേസില്‍ സര്‍ക്കാരിനും വിജിലന്‍സിനുമെതിരെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി രൂക്ഷവിമര്‍ശം നടത്തിയത്. മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 22നകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചെയ്യണമെന്നും കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

മന്ത്രി ബാബുവിന് കോഴ കൊടുത്തിട്ടുണ്ടെന്ന ബിജു രമേശിന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ മലയാള വേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ജഡ്ജ് എസ്.എസ്. വാസന്‍െറ ഉത്തരവ്. കോഴ കൊടുത്തുവെന്ന സ്വയം സമ്മതിച്ച ബിജു രമേശിനെതിരെയും കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.