ചിരിയുണര്‍ത്തും ഈ പാഷാണം

മിമിക്രി വേദികളിലും ചാനല്‍ റിയാലിറ്റി ഷോകളിലും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന പാഷാണം ഷാജിക്ക് അതുക്കും മുമ്പ് ഒരു ചിരിയുടെ കലോത്സവകാലമുണ്ട്. കലോത്സവപ്രതിഭയെന്ന നിലക്ക്  ‘ഗപ്പൊ’ന്നും കിട്ടിയില്ളെങ്കിലും താനും ഒരു പ്രതിഭയും പ്രതിഭാസവുമായിരുന്നെന്ന് സാക്ഷാല്‍ പാഷാണം ഷാജി.

ബെസ്റ്റ് ആക്ടര്‍
കാലം 1995-97. കഥാനായകന്‍ അന്ന് പള്ളിക്കൂടം വിദ്യാര്‍ഥി. മൂവാറ്റുപുഴയില്‍ വെച്ചാണ് ജില്ലാ കലോത്സവം. നാടകമത്സരത്തില്‍ സാജുവിന്‍െറ ടീമിന് രണ്ടാം സ്ഥാനം. ഫലപ്രഖ്യാപനം വരുന്നതിനുമുമ്പേ ടീം തിരിച്ച് നാട്ടിലേക്ക് പോയി. മോണോ ആക്ടില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് സാജു പോയില്ല. അപ്പോഴാണ് ഒരു കുസൃതി തോന്നിയത്. നാട്ടിലത്തെിയ കൂട്ടുകാരനെ വിളിച്ചുപറഞ്ഞു. മോനേ നീയാടാ ബെസ്റ്റ് ആക്ടര്‍. അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയിരിക്കണം.

മോണോ ആക്ട് കഴിഞ്ഞു. വെളുപ്പിനെ വീട്ടിലത്തെി. രാവിലെ സ്കൂളിലും. അപ്പോഴല്ളേ രസം. കവലയിലൊക്കെ ബോര്‍ഡും ബാനറും. സ്കൂള്‍ ഗേറ്റില്‍ താന്‍ ബെസ്റ്റ് ആക്ടറാക്കിയവന് സ്വീകരണം. അപ്പോഴാണ് സംഗതി കൈവിട്ടുപോയെന്ന് മനസ്സിലായത്. പിന്നെ നടന്ന കാര്യം പറയുന്നില്ല. നാട്ടുകാര്‍ തോളിലേറ്റിക്കൊണ്ടു പോകുകയല്ലായിരുന്നോ. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും അല്‍പം ദേഹനൊമ്പരമുണ്ട്. ആ കലോത്സവം അല്‍പം വേദന കലര്‍ന്ന ഓര്‍മയായിരുന്നെങ്കിലും അടുത്തവര്‍ഷവും നാടകത്തിന് പേരുനല്‍കി.

രാജാപ്പാര്‍ട്ട് സാജു
ടീമൊക്കെ തട്ടിക്കൂട്ടി അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു പ്രശ്നം. കൂട്ടത്തിലൊരുത്തന് നായകനാകണം. രാജാപ്പാര്‍ട്ട് നാടകമായതിനാല്‍ രാജാവിന്‍െറ വേഷമൊക്കെയായി ഞാനങ്ങനെ ഗമയില്‍ നില്‍ക്കുകയാണ്. അപ്പോഴാണ്  അവന്‍െറയൊരു വരവ്. അവനെ ഒഴിവാക്കാമെന്നുവെച്ചാല്‍ അതും നടപ്പില്ല. കാരണം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോപ്പുടമയുടെ മകനായ അവന്‍ വിചാരിച്ചാലേ 600w ബള്‍ബ് കിട്ടൂ. രാജാവിന്‍െറ വേഷം കൊതിച്ച ഞാന്‍ ഒരുനിമിഷം കൊണ്ട് ഭടനായി. പുതിയ രാജാപ്പാര്‍ട്ടുകാരന്‍ വേഷമിടുന്നത് ഭടന്‍ നെടുവീര്‍പ്പോടെ നോക്കിനിന്നു.

വേഷമൊക്കെ ധരിച്ച് അവന്‍ കടന്നുവന്നു. അവന്‍െറ കൈയിലുണ്ട് 600w ബള്‍ബ്. ബള്‍ബ് പൊട്ടാതെ സൂക്ഷിക്കണമെന്ന് അവന് അച്ഛന്‍െറ കല്‍പനയുണ്ട്. അതോര്‍ത്ത് അവന്‍ ബള്‍ബ് തലയിലും താഴത്തും വെക്കാതെ കൊണ്ടുവരുകയാണ്. ഗ്രീന്‍റൂമിന്‍െറ വാതില്‍ തള്ളിത്തുറന്ന് അവന്‍ അകത്തേക്ക് കയറിയതും നിലത്തിരുന്ന പരിചയില്‍ തലയിടിച്ച്  മലര്‍ന്നടിച്ചുവീണു. 600w ബള്‍ബ് സ്വാഹ. 600wന്‍െറ പ്രഭയില്ലാതെ നാടകം കളിച്ചതുകൊണ്ടാണോ അതോ തിരിച്ചുവീട്ടില്‍ ചെല്ലുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ത്ത് ഞെട്ടിയ നായകന്‍െറ മുഖത്ത് ഭാവാഭിനയം വിടരാത്തതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ നാടകം മരടുവെടിക്കെട്ടിലെ പതിനാറുനില അമിട്ടുപോലെ പൊട്ടി.

മരിച്ച നീഗ്രോകളുടെ ചിരി
അടുത്തവര്‍ഷം തൃപ്പൂണിത്തുറയിലായിരുന്നു കലാപോത്സവം... അല്ല കലോത്സവം. ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകം ‘സ്വാതന്ത്ര്യത്തിന് ഒരു സംഘഗാനം’. രചന, സംവിധാനം സാജു. അരങ്ങില്‍ സാജു ഉദയംപേരൂര്‍. കര്‍ട്ടന്‍ ഉയര്‍ത്തുന്നത് ഉദയംപേരൂര്‍ സാജു. കര്‍ട്ടന്‍ താഴ്ത്തുന്നത് സാജു തങ്കപ്പന്‍. അങ്ങനെ അനൗണ്‍സ്മെന്‍റ് കേള്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു കേട്ടോ. പക്ഷേ നടന്നില്ല. നമുക്ക് നല്ല നിറമായതുകൊണ്ട് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍െറ വേഷമാണ് കിട്ടിയത്. ഗാന്ധിജിയായും വില്ലനായ സായിപ്പായും ഒരാള്‍ തന്നെ അഭിനയിക്കും. ഗാന്ധിജിയുടെ ഭാഗം കഴിയുമ്പോള്‍ വിഗ് വെച്ച് നടന്‍ സായിപ്പായി മാറണം. വിഗ് റെഡിയല്ളേ. എല്ലാം റെഡി.  എന്നാല്‍ തുടങ്ങുവല്ളേ. ആവാം. കര്‍ട്ടന്‍ പൊങ്ങി. ഗാന്ധിയുടെ ഭാഗം കഴിഞ്ഞു. മാര്‍ട്ടിന്‍ ലൂതര്‍ കിങ് രംഗത്തത്തെി.

അദ്ദേഹത്തിന്‍െറ ഇരുകൈയിലും രണ്ട് നീഗ്രോകള്‍ തൂങ്ങിനില്‍ക്കുകയാണ്. വെള്ളക്കാരുടെ പീഡനമേറ്റ് മരിച്ച നീഗ്രോകളാണ് അവര്‍. സായിപ്പ് രംഗപ്രവേശം ചെയ്തു. സായിപ്പിനെക്കണ്ടപ്പോള്‍ മരിച്ച നീഗ്രോ പക്ഷേ ചിരിക്കുകയാണ്. ഞാന്‍ അന്തം വിട്ടു. സായിപ്പിന്‍െറ ഡയലോഗ് കഴിഞ്ഞു. മറ്റേ നീഗ്രോയും ചിരി തുടങ്ങി. അപ്പോഴാണ് ഞാന്‍ സായിപ്പിനെ നോക്കിയത്. വിഗ് കിട്ടാത്തതുകൊണ്ട് ഗാന്ധിജി അതേ വേഷത്തില്‍ നില്‍ക്കുന്നു. മരിച്ച നീഗ്രോകളുടെ ചിരിയുടെ പശ്ചാത്തലത്തില്‍ കര്‍ട്ടന്‍ വീണതുകൊണ്ടും തൃപ്പൂണിത്തുറക്കാര്‍ പ്രബുദ്ധരായിരുന്നതുകൊണ്ടും ശാരീരികാസ്വാസ്ഥ്യമൊന്നുമുണ്ടായില്ല.

ഞാന്‍ നേരത്തേ കലാപോത്സവം എന്നു പറഞ്ഞെങ്കിലും അന്നു കലാപമൊന്നുമുണ്ടാായിരുന്നില്ല . ഇപ്പോഴല്ളേ കലാപോത്സവം. കപ്പ് അടിച്ചോണ്ടു പോക്ക്, ചീത്തവിളി, അപ്പീല്‍, കോഴ ഇതൊക്കെ. ഞങ്ങളൊക്കെ എല്ലാ മത്സരത്തിനും പേരുകൊടുക്കും. മത്സരിക്കും. തോല്‍ക്കും. പിന്നേം മത്സരിക്കും. കലയില്‍ സത്യസന്ധത വേണം. സത്യസന്ധത പുലര്‍ത്തിയാല്‍ ജീവിതത്തിലും വിജയിക്കും. അതുമാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.