മൂകാംബിക–ഗുരുവായൂര്‍ ട്രെയിനിന് ശിപാര്‍ശ; അമൃത പഴനിക്ക്

പാലക്കാട്: മൂകാംബിക, ഗുരുവായൂര്‍ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വിസിന് റെയില്‍വേ പാലക്കാട് ഡിവിഷനില്‍നിന്ന് ശിപാര്‍ശ ചെയ്തു. പുതിയ റെയില്‍വേ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടകയിലെ ബൈന്തൂരില്‍നിന്ന് കണ്ണൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിന്‍ ഗുരുവായൂര്‍ക്ക് നീട്ടണമെന്നാണ് ശിപാര്‍ശ. മോദി സര്‍ക്കാറിന്‍െറ ആദ്യ റെയില്‍വേ ബജറ്റില്‍ അനുവദിച്ചതാണ് ബൈന്തൂര്‍-കണ്ണൂര്‍ ട്രെയിന്‍. ഉത്തര മലബാറിലുള്ളവര്‍ക്ക് ഗുരുവായൂര്‍ക്ക് പോകാന്‍ ട്രെയിന്‍ ഉപകാരപ്പെടും.

തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് പഴനിയിലേക്ക് നീട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസിനെ അമൃതയില്‍നിന്ന് സ്വതന്ത്രമാക്കും. അമൃത എക്സ്പ്രസ് നിലവില്‍ രാവിലെയും വൈകീട്ടുമായി പൊള്ളാച്ചി വരെ സര്‍വിസ് നടത്തുന്നുണ്ട്. അമൃത പഴനിയിലേക്ക് നീട്ടുന്നത് ദക്ഷിണ കേരളത്തില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യും. രാജ്യറാണി ഷൊര്‍ണൂര്‍ വഴി ഓടുന്നതിനാല്‍ അമൃത ഷൊര്‍ണൂര്‍ തൊടാതെ ഓടിക്കാന്‍ ആലോചനയുണ്ട്. അമൃത കോട്ടയം വഴിയും രാജ്യറാണി ആലപ്പുഴ വഴി ആക്കുന്നതും പരിഗണനയിലാണ്.

മധുര ഡിവിഷനില്‍നിന്ന് കൊങ്കണ്‍ വഴി മൂന്ന് സര്‍വിസുകള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പൊള്ളാച്ചി പാത പ്രയോജനപ്പെടുത്തി എക്സ്പ്രസ് വണ്ടികള്‍ അനുവദിക്കണമെന്നാണ് ആവശ്യം. രാമേശ്വരം-മംഗളൂരു ഇന്‍റര്‍സിറ്റി, മധുര-ഷൊര്‍ണൂര്‍ വണ്ടികള്‍ക്കും ശിപാര്‍ശയുണ്ടെങ്കിലും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനത്തിന്‍െറ പ്രവൃത്തി പൂര്‍ത്തിയാവാത്തത് പുതിയ സര്‍വിസുകള്‍ക്ക് തടസ്സമാണ്. ബംഗളൂരുവിലെ മലയാളികളുടെ യാത്രാക്ളേശത്തിന് പരിഹാരമായി കോഴിക്കോട്-ബംഗളൂരു ഉള്‍പ്പെടെ പുതിയ സര്‍വിസുകള്‍ക്ക് ശിപാര്‍ശയുണ്ട്. ബംഗളൂരു സിറ്റി-കണ്ണൂര്‍ എക്സ്പ്രസ് ദിവസേന ആക്കുക, മംഗലാപുരം വഴിയുള്ള ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുക, ഹൂബ്ളി-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് ദിവസേന ആക്കുക, ബംഗളൂരു-എറണാകുളം എക്സ്പ്രസ് ദിവസേന ആക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.