ഭക്ഷ്യവസ്തുക്കളിലെ വിഷാംശം: ലക്ഷ്യം കാണാതെ പരിശോധനാ റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: പച്ചക്കറികളിലെയും മറ്റ് ഭക്ഷ്യവസ്തുക്കളിലെയും വിഷാംശ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് ഗുണകരമാവുംവിധം ലക്ഷ്യംകാണുന്നില്ല. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ മിക്കതും വെറുതെയാവുകയാണ്.
ഡൈമെത്തോയേറ്റ്, ക്ളോര്‍പൈറിഫോസ്, എത്തോണ്‍ എന്നീ കീടനാശികളുടെ അനുവദനീയപരിധി മാത്രമേ സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. മറ്റ് കീടനാശിനികള്‍ എത്രയളവില്‍ ഭക്ഷ്യവസ്തുക്കളിലുണ്ടെന്ന് രേഖപ്പെടുത്തുമ്പോഴും അനുവദനീയ അളവ് വെളിപ്പെടുത്തുന്നില്ല. മനുഷ്യശരീരത്തിന് പ്രതിരോധിക്കാനാവുന്ന വിഷാംശത്തിന്‍െറ അളവെത്ര എന്നതില്‍ അവ്യക്തത തുടരുകയാണ്. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ക്ളോര്‍പൈറിഫോസിന്‍െറ അനുവദനീയമായ പരിധി  0.2 പി.പി.എം (പാര്‍ട്സ് പെര്‍ മില്യന്‍) ആണ്. എന്നാല്‍, മലയാളികളുടെ തീന്‍മേശയിലത്തെുന്ന പയറില്‍ കാണുന്നത് അനുവദനീയ അളവിന്‍െറ അഞ്ചിരട്ടിയാണ് (ഒരു പി.പി.എം).
ഏല കൃഷിക്കടക്കം ഉപയോഗിക്കുന്ന  ക്യൂനാല്‍ഫോസിന്‍െറ അനുവദനീയ അളവ് 0.01 ആണ്. ഇതിന്‍െറ 69 ഇരട്ടി വിഷാംശമാണ് സര്‍വകലാശാലാ ലാബില്‍ പരിശോധന നടത്തിയ ഏലത്തില്‍ കണ്ടത്തെിയത്. ഡൈമെത്തോയേറ്റിന്‍െറ അനുവദനീയപരിധി രണ്ടാണ്. എന്നാല്‍, നിത്യവും ഉപയോഗിക്കുന്ന കറിവേപ്പിലയില്‍ ഡൈമെത്തോയേറ്റിന്‍െറ അളവ് 3.19 ആണ്.
 പരിശോധനാ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) മാനദണ്ഡം സ്വീകരിച്ചാല്‍ മതിയെന്ന കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍െറ നിര്‍ദേശമാണ് റിപ്പോര്‍ട്ടില്‍നിന്ന് നിഷ്കര്‍ഷിതപരിധി ഒഴിവാക്കാന്‍ കാരണം. ഇത് കീടനാശിനി കമ്പനികളെ സഹായിക്കുന്നതാണെന്ന് ആക്ഷേപമുണ്ട്.  
സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ വലിയതോതില്‍ കീടനാശിനി കലര്‍ന്നിരിക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.  മുളകുപൊടിയില്‍ ക്ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, എത്തയോണ്‍ എന്നിവയും കശ്മീര്‍ മുളകുപൊടിയില്‍ സൈപെര്‍മെത്രിന്‍, എത്തയോണ്‍, വറ്റല്‍ മുളകില്‍ ഡൈമെത്തോയേറ്റ്, എത്തയോണ്‍ എന്നീ കീടനാശിനികളുടെയും അംശമാണ് കണ്ടത്തെിയത്. ഇതില്‍ ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ ഉപയോഗം ത്വഗ്രോഗം, തലവേദന, ശ്വാസതടസ്സം, പേശിവലിയല്‍, കണ്ണെരിച്ചല്‍, ചര്‍ദ്ദി, കാഴ്ചക്കുറവ്  തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് ഇതിന്‍െറ അനുവദനീയ അളവ് മറച്ചുവെക്കുന്നത്. ജീരകപ്പൊടി, രസംപൊടി തുടങ്ങിയവയുടെ പരിശോധനയിലും വിഷാംശം കണ്ടത്തെിയിട്ടുണ്ട്.                      

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.