ലാവലിന്‍: സി.ബി.ഐ കോടതി നടപടിയിലെ അപാകത ധരിപ്പിക്കാനായത് സര്‍ക്കാറിന് തുണയായി

കൊച്ചി: പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ ഇടപാടിലെ പ്രതികളെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതിയുടെ നടപടിയിലെ അപാകത പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യമായതാണ് സര്‍ക്കാര്‍ ഹരജിക്ക് അനുകൂലമായ ഹൈകോടതി തീരുമാനത്തിന് പ്രേരകമായത്. രേഖാമൂലവും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും വ്യക്തമായ തെളിവുകളുണ്ടായിട്ടും സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പോലും ലംഘിച്ചാണ് വിചാരണ കോടതി കുറ്റവിമുക്തരാക്കിയതെന്ന് ആദ്യഘട്ടത്തില്‍ തന്നെ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു. 

കേസിന്‍െറ പരിഗണനയിലുടനീളം നിയമം മാത്രമല്ല, രാഷ്ട്രീയവും സജീവമായി സ്ഥാനം പിടിച്ചു. സി.ബി.ഐയുടെ നിലപാട് മാറ്റവും കൗതുകം ജനിപ്പിക്കുന്നതായി. പൊതുഖജനാവിന്‍െറ നഷ്ടം പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് കോടതിയില്‍ നിന്നുതന്നെ നിരീക്ഷണമുണ്ടായത് സര്‍ക്കാറിന് തുടക്കം തന്നെ വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ആദ്യം സര്‍ക്കാര്‍ നിലപാടിന് എതിരെ അഭിപ്രായം പ്രകടിപ്പിച്ച സി.ബി.ഐയും പിന്നീട് സര്‍ക്കാറിനോടൊപ്പം നിന്നു. സി.ബി.ഐയുടെയും സര്‍ക്കാറിന്‍െറയും ആരോപണങ്ങള്‍ ഒന്നു തന്നെയായതോടെ ഇക്കാര്യത്തല്‍ തീരുമാനമെടുക്കാന്‍ കോടതിക്കും തടസ്സമുണ്ടായില്ല. കോടതിയുടെ തീരുമാനം ഇരുവരുടെയും ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് കോടതിയുടെ ഉത്തരവില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. രാവിലെ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഉപഹരജി നല്‍കിയ കാര്യം സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അവസാന ഇനമായി പരിഗണിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അടിയന്തര പരിഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചക്കുശേഷം രണ്ടരക്കുശേഷം കേസെടുക്കാമെന്ന് വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജികളുണ്ടെങ്കില്‍ അവ തള്ളുമെന്ന മുന്നറിയിപ്പും ഈ ഘട്ടത്തില്‍ കോടതി നല്‍കി. ഉച്ചക്കുശേഷം മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ തുടരന്വേഷണം ആവശ്യപ്പെടുന്ന രണ്ട് ഹരജികള്‍ ആദ്യം തന്നെ കോടതി തള്ളി. പിന്നീട് സര്‍ക്കാറിന്‍െറയും സി.ബി.ഐയുടെയും മറ്റ് കക്ഷികളുടെയും അഭിപ്രായങ്ങള്‍ തേടി. എന്താണ് റിവിഷന്‍ ഹരജികള്‍ പെട്ടെന്ന് പരിഗണിക്കേണ്ടതിന്‍െറ അടിയന്തരാവസ്ഥയെന്ന് കോടതി സര്‍ക്കാറിനോട് പ്രത്യേകം ആരാഞ്ഞു. സംസ്ഥാനത്ത് നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയാണിതെന്നും കുറ്റാരോപണമില്ലാതെയും വിചാരണ പോലും നടത്താതെയും പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി നിലപാട് തീര്‍ത്തും പരിധി ലംഘനമാണെന്നും സര്‍ക്കാറിന് വേണ്ടി ഡി.ജി.പി ടി. ആസഫലി അറിയിച്ചു. 

സര്‍ക്കാര്‍ വാദത്തിനിടെ സി.ബി.ഐ അഭിഭാഷകന്‍ എഴുന്നേറ്റു. ഈ കേസില്‍ സര്‍ക്കാറിന്‍െറ സ്ഥാനത്ത് സി.ബി.ഐ ആണെന്ന വാദമുയര്‍ത്തി. പ്രോസിക്യൂഷന്‍ സ്ഥാനത്ത് സി.ബി.ഐ ആയതിനാല്‍, സര്‍ക്കാര്‍ എന്നത് സി.ബി.ഐ തന്നെയാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായി കേസ് കേള്‍ക്കണമെന്നില്ളെന്നും കേസ് കൂടുതല്‍ പരിശോധിക്കാനുണ്ടെന്നും കൂടി കൂട്ടിച്ചേര്‍ത്തു. അതേസമയം, സി.ബി.ഐ ആണ് കേസന്വേഷണം നടത്തിയതെന്നിരിക്കെ ഈ കേസില്‍ സര്‍ക്കാറിന് ഇടമില്ളെന്ന വാദം പിണറായി വിജയന്‍െറ അഭിഭാഷകന്‍ മുന്നോട്ടുവെച്ചു. ലാവലിന്‍ കേസില്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ളെന്നും ക്രമക്കേട് നടന്നിട്ടില്ളെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തന്നെ കോടതിക്ക് മുമ്പ് സത്യവാങ്മൂലം നല്‍കിയിട്ടുള്ള കാര്യവും പിണറായിയുടെ അഭിഭാഷകനായ എം.കെ. ദാമോദരന്‍ കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. എതിര്‍വാദത്തെ ശക്തമായി എതിര്‍ത്ത സര്‍ക്കാര്‍ പൊതുഖജനാവിന് വലിയ നഷ്ടമുണ്ടായതിന് തെളിവുണ്ടായിട്ടും വിചാരണ പോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി നടപടികളിലെ അപാകതകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. 

ഈ ഘട്ടത്തിലാണ് പിണറായിയുടെ രാഷ്ട്രീയ യാത്ര ചൂണ്ടിക്കാട്ടി യാത്രയും തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹരജിയാണ് സര്‍ക്കാറിന്‍േറതെന്ന ആരോപണമുയര്‍ത്തിയത്. കേസ് നേരത്തേ കേള്‍ക്കേണ്ടതിന്‍െറ ആവശ്യമെന്തെന്നും നേരത്തെ ഹരജി നല്‍കാതിരുന്നതെന്തെന്നും പിണറായിയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രതികള്‍ നിരപരാധിയാണെങ്കില്‍ എന്തിനാണ് വേഗത്തില്‍ കേസ് തീര്‍പ്പാക്കുന്നതിനെ ഭയപ്പെടുത്തുന്നതെന്നായി സര്‍ക്കാറിന്‍െറ എതിര്‍ ചോദ്യം. സര്‍ക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ തന്നെ സി.ബി.ഐ ഹരജിയിലുമുണ്ടെന്ന് വന്നതോടെ സി.ബി.ഐ അഭിഭാഷകന്‍ മുന്‍ നിലപാടില്‍നിന്ന് പിന്നാക്കം പോയി. ആരോപണ പ്രത്യാരോപണങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നതോടെ രാഷ്ട്രീയ വിഷയങ്ങളിലും ആരോപണങ്ങളിലും ഇടപെടുന്നില്ളെന്ന് കോടതി നിലപാടറിയിച്ചു. സര്‍ക്കാറിന് ഹരജി നല്‍കാന്‍ അധികാരമില്ളെന്ന എതിര്‍ വാദം തള്ളിയ കോടതി സര്‍ക്കാര്‍ കേസില്‍ ഇരയുടെ സ്ഥാനത്താണെന്ന നിരീക്ഷണവും നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.