അലീഗഢ് മലപ്പുറം കേന്ദ്രം വികസനം: ഇന്നത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയേറെ

പെരിന്തല്‍മണ്ണ: അലീഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്‍െറ വികസനം സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരും. കേന്ദ്രത്തോടുള്ള അവഗണന തന്നെയാകും പ്രധാനചര്‍ച്ച. പ്രീപൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ സ്കൂള്‍, ഡിഗ്രി മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍, മെഡിക്കല്‍-എന്‍ജിനീയറിങ്ങടക്കമുള്ള പ്രഫഷനല്‍ സ്ഥാപനങ്ങള്‍ തുടങ്ങി 2020ല്‍ സ്വതന്ത്ര സര്‍വകലാശാലയായി മാറുന്ന രീതിയിലുള്ള വികസനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

30,000 വിദ്യാര്‍ഥികളും 3000 അധ്യാപകരും 8000 അനധ്യാപകരുമായി പ്രധാന കാമ്പസിന്‍െറ അതേ പ്രൗഢിയിലത്തെുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ആരംഭത്തിലുള്ള മൂന്ന് കോഴ്സും 30 അധ്യാപകരും 33 അനധ്യാപകരും മാത്രമാണ് ഇപ്പോഴും മലപ്പുറം കേന്ദ്രത്തിലുള്ളത്. അക്കാദമിക് ബ്ളോക്കുകളുടെ നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച 140 കോടിയില്‍ 40 കോടി രൂപമാത്രമാണ് ലഭ്യമാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം അക്കാദമിക ബ്ളോക്കിന് തന്നെ 50 കോടി രൂപ വേണം.

 മാതൃകേന്ദ്രത്തിന്‍െറ മാതൃകയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആരംഭിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. സ്കൂള്‍ വന്നാല്‍ ഉപരിപഠനത്തിന് 50 ശതമാനം സംവരണം സംസ്ഥാനത്തിന് ലഭിക്കും. ബി.എഡ് കോഴ്സ് തുടങ്ങിയെങ്കിലും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എജുക്കേഷന്‍ അംഗീകാരം ഇനിയും ബി.എഡിന് ലഭിച്ചില്ല.

എം.ബി.എ, എല്‍.എല്‍.ബി കോഴ്സുകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. നിയമപഠനം കഴിഞ്ഞവര്‍ക്ക് ബാര്‍ കൗണ്‍സില്‍ അംഗീകാരം കിട്ടിയത് ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ്. താല്‍ക്കാലിക അംഗീകാരമാണ് നിയമ കോഴ്സിന് ലഭിച്ചത്. സ്ഥിരം കെട്ടിടവും മറ്റ് സൗകര്യങ്ങളും ലഭിച്ചാലേ സ്ഥിരം അംഗീകാരം ലഭിക്കൂ. കാമ്പസില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിതിരിവും ഡയറക്ടര്‍ നിയമനത്തിലെ അനിശ്ചിതത്വവും തിരിച്ചടിയായതും ചര്‍ച്ചയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.