ഉപരാഷ്ട്രപതിക്ക് പരിപാടികള്‍ മലപ്പുറത്ത്; ദുരിതം കോഴിക്കോട്ടുകാര്‍ക്ക്

കോഴിക്കോട്: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് കോഴിക്കോട്ട് ഒറ്റ പൊതുപരിപാടിയുമുണ്ടായില്ളെങ്കിലും ദുരിതംപേറിയത് ജില്ലയിലെ മുഴുവന്‍ യാത്രക്കാര്‍. മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകീട്ട് ഇറങ്ങിയ ഉപരാഷ്ട്രപതി അന്തിയുറങ്ങാന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗെസ്റ്റ്ഹൗസ് തെരഞ്ഞെടുത്തതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. കോഴിക്കോട്ടത്തെുന്ന വി.വി.ഐ.പിക്ക് വേണ്ട സര്‍വ സുരക്ഷാക്രമീകരണങ്ങളും പൊലീസ് ഒരുക്കി. രാമനാട്ടുകര ബൈപാസ് മുതല്‍ വെസ്റ്റ്ഹില്‍ ഗെസ്റ്റ്ഹൗസ് വരെയുള്ള റോഡ് ഏറക്കുറെ രണ്ടുദിവസങ്ങളില്‍ മണിക്കൂറുകള്‍ കൊട്ടിയടച്ചു.

തിങ്കളാഴ്ച രാത്രി 8.45നാണ് ഉപരാഷ്ട്രപതി ഗെസ്റ്റ്ഹൗസിലത്തെിയത്. ബദല്‍വഴികളൊന്നും തരപ്പെടാത്തതിനാല്‍ വാഹനത്തിലിരുന്നവര്‍ റോഡില്‍ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു. ഇതര ജില്ലകളില്‍നിന്ന് കോഴിക്കോട് വഴി കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതോടെ പൊറുതിമുട്ടി. തിങ്കളാഴ്ച രാത്രി 7.30 മുതല്‍ 8.30 വരെയാണ് ഒൗദ്യോഗികമായി ഗതാഗത നിയന്ത്രണമെങ്കിലും രാത്രി 10.30 വരെ ജനം റോഡില്‍ കാത്തിരുന്നു വലഞ്ഞു. വയനാട് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മലപ്പുറത്തെ പരിപാടിക്കുവേണ്ടി ഉപരാഷ്ട്രപതി മടങ്ങുമ്പോഴും സമാന സാഹചര്യമുണ്ടായി.

രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഗതാഗത ക്രമീകരണം ഒൗദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും റോഡിലെ കുരുക്ക് പിന്നെയും നീണ്ടു. വെസ്റ്റ്ഹില്‍ മുതല്‍ രാമനാട്ടുകര വരെയുള്ള പാത വീണ്ടും പൊലീസ് കൊട്ടിയടച്ചു. രാവിലെ മുതല്‍ കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ പാതിവഴിയില്‍ അതിഥി പോവുന്നതും കാത്തിരുന്നു.

ചൊവ്വാഴ്ച രാവിലെ 9.30ന് ശേഷവും ഗതാഗതക്കുരുക്ക് തുടര്‍ന്നു. ഉപരാഷ്ട്രപതിയുട ഭാര്യ സല്‍മ അന്‍സാരി അല്‍പം വൈകിയാണ് ഗെസ്റ്റ്ഹൗസ് വിട്ടത്. മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുക്കാതെ ഭാര്യ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കാണ് പുറപ്പെട്ടത്. ഉത്തരമേഖല എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്‍െറ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍. തലേന്നുതന്നെ കോഴിക്കോട്ടെ പ്രധാന കവലകളിലെല്ലാം ദ്രുതകര്‍മസേനയും നിലയുറപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.