സ്കൂള്‍ കലോത്സവം: വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ വിധികര്‍ത്താക്കളെ വിജിലന്‍സ് നിരീക്ഷിക്കും. വിധി നിര്‍ണയത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് രഹസ്യനിരീക്ഷണത്തിന് തീരുമാനം. വിധികര്‍ത്താക്കള്‍ ആരൊക്കെയാണെന്ന് മത്സരം തുടങ്ങുന്നതു വരെ രഹസ്യമായി വെക്കും. ഇവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ വിജിലന്‍സ് വിഭാഗത്തിന് കൈമാറും.
വിധികര്‍ത്താക്കള്‍ക്ക് വേദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. വിധികര്‍ത്താക്കള്‍ക്ക് മത്സരാര്‍ഥികളെ തിരിച്ചറിയാന്‍ വാട്സ്ആപ് സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഫോണിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഫോണ്‍ കൈയിലുണ്ടെങ്കില്‍ വേദിയില്‍ എത്തുന്നതിനു മുമ്പ് സംഘാടകര്‍ വാങ്ങി സൂക്ഷിക്കും. താമസ സ്ഥലത്തുനിന്ന് വിധികര്‍ത്താക്കളെ വേദിയിലേക്ക് എത്തിക്കാന്‍ പ്രത്യേക വാഹനം ഒരുക്കും.  
232 മത്സര ഇനങ്ങള്‍ക്ക്  മാര്‍ക്കിടാനായി എഴുനൂറോളം വിധികര്‍ത്താക്കളാണ് എത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എഡി.പി.ഐ, പി.ആര്‍.ഒ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷം തുടര്‍ച്ചയായി മാര്‍ക്കിട്ടവരെ ഈ വര്‍ഷം വിധിനിര്‍ണയത്തില്‍നിന്ന് ഒഴിവാക്കും.
മുന്‍വര്‍ഷങ്ങളിലെ പട്ടിക അടിസ്ഥാനമാക്കിയാണ് ഇത്തവണയും വിധികര്‍ത്താക്കളുടെ പ്രാഥമിക പട്ടിക തയാറാക്കിയത്. സംഗീത നാടക അക്കാദമിയില്‍നിന്നും ലളിതകലാ അക്കാദമിയില്‍നിന്നുമൊക്കെ നിര്‍ദേശങ്ങളും സ്വീകരിച്ചു. ഒരു ഇനത്തിനു നാലുവീതം വിധികര്‍ത്താക്കളെ തെരഞ്ഞെടുത്താണ് അന്തിമപട്ടിക തയാറാക്കിയത്. ചില ഇനങ്ങള്‍ക്ക് വിധികര്‍ത്താക്കളെ കിട്ടിയില്ളെന്ന വാര്‍ത്തകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.