മാര്‍ത്താണ്ഡവര്‍മ ലോകത്തെ നിഷ്ഠുര രാജാവ് –ലെനിന്‍ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ഭരിച്ച മാര്‍ത്താണ്ഡവര്‍മ ലോകചരിത്രത്തിലെ നിഷ്ഠുര രാജാവാണെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സമിതിയുടെ ‘മുഖാമുഖ’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിനുവേണ്ടി കൂട്ടക്കൊലകള്‍ നടത്തി എട്ടുവീട്ടില്‍ പിള്ളമാരുടെ ഭാര്യമാരെയും പെണ്‍മക്കളെയും മുക്കുവര്‍ക്ക് പിടിച്ചുകൊടുത്തു. അങ്ങനെ തിരുവിതാംകൂറില്‍ ഏറ്റവും പ്രാകൃത കര്‍മമാണ് മാര്‍ത്താണ്ഡവര്‍മ നിര്‍വഹിച്ചത്. അതേസമയം, തന്‍െറ ഉടവാള്‍ പത്മനാഭന് സമര്‍പ്പിച്ച് ദാസനായി വാഴുകയും ചെയ്തു.
സ്കൂള്‍ കലോത്സവ വേദികളില്‍നിന്ന് കേള്‍ക്കുന്നത് സമൂഹത്തിലെ മോശം പ്രവണതയാണ്. താന്‍ പങ്കെടുത്ത കാലത്ത് വീട്ടുകാരെപ്പോലും അറിയിച്ചിരുന്നില്ല. ഇന്നാകട്ടെ കുട്ടികളല്ല രക്ഷിതാക്കളാണ് കല പഠിക്കാന്‍ പോവുന്നത്. അവരാണ് അഴിമതി സൃഷ്ടിക്കുന്നത്. കാശുകൊടുത്താല്‍ വാങ്ങാവുന്ന വിധികര്‍ത്താക്കളുമുണ്ട്. പുതിയ സിനിമകളെ ന്യൂജനറേഷന്‍ എന്ന് വിളിക്കുന്നത് ശരിയാണോ എന്നതില്‍ സംശയമുണ്ട്. പഴയ കഥപറച്ചില്‍ രീതികളില്‍നിന്ന് വ്യത്യസ്തമായി പറയാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അവിടെയും പൊട്ട സിനിമകള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
ലെനിന്‍ രാജേന്ദ്രന്‍െറ ചലച്ചിത്ര പ്രവര്‍ത്തനത്തിന്‍െറ 35ാം വാര്‍ഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ ‘കാഴ്ചയുടെ വേനലും മഴയും’ എന്ന പേരില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുന്ന കലാവിരുന്ന് നടക്കും. ജില്ലാ പ്രസിഡന്‍റ് സി.റഹീം പൊന്നാടയണിയിച്ചു. സെക്രട്ടറി ബി.എസ്. പ്രസന്നന്‍ സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.