കൊച്ചി മെട്രോയുടെ കോച്ച് മുട്ടം യാർഡിലേക്ക് മാറ്റി

ആലുവ: കൊച്ചി മെട്രോ റെയിലിനായി കേരളത്തിലെത്തിച്ച ആദ്യ മൂന്ന് കോച്ചുകളിൽ ഒരെണ്ണം മുട്ടം യാർഡിലേക്ക് മാറ്റി. ആലുവ പുളിഞ്ചോട് കവലയിൽ ശനിയാഴ്ച എത്തിച്ച കോച്ച് ഇന്ന് രാവിലെ 10 മണിയോടെയാണ് യാർഡിലേക്ക് മാറ്റിയത്. മറ്റ് രണ്ടു കോച്ചുകൾ വൈകാതെ യാർഡിൽ എത്തിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.

പ്രത്യേകം തയാറാക്കിയ ബേയില്‍ ഇറക്കുന്ന കോച്ച് ഇന്‍സ്പെക്ഷന്‍ ബേ ലൈനിലേക്ക് മാറ്റും. റോഡിലൂടെയും റെയിലിലൂടെയും ഒരേപോലെ സഞ്ചരിക്കുന്ന റെയില്‍-റോഡ് വാഹനം വഴിയാണ് ഇന്‍സ്പെക്ഷന്‍ ബേ ലൈനിലേക്ക് കോച്ചുകള്‍ മാറ്റുന്നത്. ഇവിടെ വെച്ചാണ് കൂടുതല്‍ പരിശോധനകളും കോച്ചുകള്‍ തമ്മില്‍ ഘടിപ്പിക്കലും നടക്കുക. കോച്ചുകളുടെ നിര്‍മാതാക്കളായ അല്‍സ്റ്റോം അധികൃതർ ഇതിനായി എത്തിയിട്ടുണ്ട്. ഇതിനുശേഷം പരീക്ഷണാടിസ്ഥാനത്തില്‍ യാര്‍ഡില്‍ ഓടിച്ചു തുടങ്ങും. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലാണ് പരീക്ഷണ ഒാട്ടം നടത്തുക.

കോച്ചുകള്‍ക്കായി 975 മീറ്റര്‍ നീളത്തില്‍ ടെസ്റ്റ് ട്രാക്ക് ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ ഓടാനാവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ തേര്‍ഡ് റെയില്‍ സംവിധാനവും സജ്ജമാണ്. പാളത്തിന് സമാന്തരമായുള്ള ലൈനുകള്‍ വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നത്. ഈ മാസം 23ന് യാര്‍ഡിലെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. ഫെബ്രുവരിയില്‍ മുട്ടം മുതല്‍ കളമശേരി വരെ പരീക്ഷണ ഓട്ടം നടക്കും.

ആന്ധ്രയിലെ ശ്രീസിറ്റിയിലെ ഫാക്ടറിയിൽ നിന്ന് ജനുവരി രണ്ടിന് പുറപ്പെട്ട കോച്ചുകൾ ശനിയാഴ്ചയാണ് ആലുവയിലെത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.