മാറാട്: ഗൂഢാലോചനക്കും തീവ്രവാദ ബന്ധത്തിനും തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്ക് മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നതിനോ തെളിവൊന്നും ലഭിച്ചിട്ടില്ളെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍.
ബേപ്പൂര്‍ തുറമുഖ വികസനവും തീരദേശപാത നിര്‍മാണവും പ്രദേശത്തിന്‍െറ വിനോദസഞ്ചാര സാധ്യതകളും മുന്നില്‍ക്കണ്ട് മാറാട് നിവാസികളെ ഒഴിപ്പിക്കാന്‍ ആസൂത്രിതമായി നടത്തിയ കലാപമാണെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ചില വ്യവസായ ഗ്രൂപ്പുകളാണെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ വ്യക്തമാക്കുന്നു.
രണ്ടാം മാറാട് കലാപ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് ക്രൈംബ്രാഞ്ചിന്‍െറ വിശദീകരണം. മാറാട് കലാപവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിയില്ളെന്നുമായിരുന്നു ഹരജിയിലെ വാദം.
അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കി ക്രൈംബ്രാഞ്ച് എസ്.പി കെ.ബി. വേണുഗോപാലാണ് കോടതിയില്‍ വിശദീകരണപത്രിക സമര്‍പ്പിച്ചത്.
കൂട്ടക്കൊല നടന്ന കാലയളവിലെ ഭൂമി ഇടപാടുകള്‍, പ്രദേശവാസികളുടെ രണ്ടുലക്ഷം രൂപക്ക് മേലുള്ള ബാങ്കിടപാടുകള്‍ എന്നിവയെല്ലാം പരിശോധിച്ചു. പ്രദേശത്തെ വിവിധ ട്രസ്റ്റുകളുടെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയുമാണ്. തീവ്രവാദസ്വഭാവമുണ്ടെന്ന് കരുതുന്ന മറ്റുചില കേസുകളുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന പരാതികളും പരിശോധിച്ചു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം, ബംഗളൂരു സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, എറണാകുളം കലക്ടറേറ്റ് സ്ഫോടനം, കോഴിക്കോട് ഇരട്ട സ്ഫോടനം തുടങ്ങിയവക്ക് മാറാട് കേസുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. തീവ്രവാദ വിഭാഗങ്ങളുടെയും നക്സല്‍ സംഘടനകളുടെയും ബന്ധങ്ങളും ആരോപിക്കപ്പെട്ടിരുന്നു. ഈ ആരോപണങ്ങളെല്ലാം അന്വേഷണ വിധേയമാക്കിയെങ്കിലും തെളിവ് ലഭിച്ചില്ല.
മാറാട് കലാപത്തിന്‍െറ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപ പൊലീസ് സ്റ്റേഷനുകളായ എലന്തൂര്‍, നല്ലളം, കസബ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ചു. പ്രദേശവാസികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റിന്‍െറയും ആദായ നികുതി വകുപ്പിന്‍െറയും സഹായത്തോടെ അന്വേഷണം നടത്തി. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കുന്ന തരത്തിലെ തെളിവൊന്നും ലഭിച്ചില്ല. ശരിയായ ദിശയില്‍തന്നെയാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് അത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയവും തേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.