അങ്കമാലി മാര്‍ക്കറ്റ് റോഡിൽ പുറമ്പോക്ക് കണ്ടത്താനുള്ള നടപടികൾ ആരംഭിച്ചു

അങ്കമാലി: വര്‍ഷങ്ങളായി പല കാരണങ്ങളാല്‍ തടസ്സപ്പെട്ടിരുന്ന അങ്കമാലി പഴയമാര്‍ക്കറ്റ് റോഡിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തലിന്  തുടക്കം കുറിച്ചു. പുറമ്പോക്ക് കണ്ടത്തൊനുള്ള സര്‍വ്വെ നടപടികളാണ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ ജില്ല സര്‍വ്വെ സൂപ്രണ്ട് കെ.റഷീദ്, ആലുവ താലൂക്ക് തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍നായര്‍, അഡീഷണല്‍ തഹസില്‍ദാര്‍ പി.എസ്.സുനില്‍, പി.ഡബ്്ളിയുഡി.അസി.എഞ്ചിനീയര്‍ കെ.എന്‍.രാജേഷ്, അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ.വിശ്വനാഥന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ദേശീയപാതയും, അങ്കമാലി ടി.ബി.ജംഗ്ഷനുമായി ചേരുന്ന പഴയ മാര്‍ക്കറ്റ് റോഡ് 10 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി നടപ്പാക്കാന്‍ പല തവണ റവന്യൂ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെടുകയായിരുന്നു. ഇതേത്തേുടര്‍ന്ന് തിങ്കളാഴ്ച ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ അങ്കമാലി നഗരസഭ അധികൃതരും വ്യാപാരി പ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് തടസങ്ങളില്ലാതെ സര്‍വ്വെ നടത്താന്‍ തീരുമാനമായത്. അതിനിടെ ഏതാനും വ്യാപാരികള്‍ സര്‍വെ നടപടി തടയുമെന്ന് ബുധനാഴ്ച രാത്രിയോടെ അഭ്യൂഹം പരന്നു. അതോടെയാണ് സവെ നടപടിക്ക് അങ്കമാലി, ചെങ്ങമനാട് സ്റ്റേഷനുകളിലെതടക്കം കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടി വന്നത്. എന്നാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

സർവെയിലൂടെ 10 മീറ്റര്‍ വീതിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പട്ടയ ഭുമിയുള്ളവര്‍ക്ക് ന്യായ വില നല്‍കി സ്ഥലം ഏറ്റെടുക്കുന്നതാണ് പദ്ധതിയിലെ പ്രധാന പാക്കേജ്. കാലങ്ങളായി ഏതാനും പേര്‍ റോഡ് പുറമ്പോക്ക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ മാര്‍ക്കറ്റ് റോഡില്‍ വികസനം സ്തംഭിച്ചിരിക്കുകയാണ്. യാത്രക്കാരും വ്യാപാരികളും വാഹനങ്ങളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നത് നിത്യകാഴ്ചയാണ്. റോഡ് വീതി കുട്ടി നവീകരിക്കുന്നതോടെ  പ്രശ്നത്തിന് പ്രധാന പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. വ്യാപാരികള്‍ സർവെയുമായി പൂര്‍ണമായി സഹകരിച്ചു. സര്‍വ്വെ നടപടിക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ.ഗ്രേസി, വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.ഗിരീഷ്കുമാര്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാജു ചാക്കോ, സെക്രട്ടറി ജോജോ കോരത്, നിക്സണ്‍ മാവേലി തുടങ്ങിയവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.