സംസ്ഥാന സര്‍ഗോത്സവം: കലകള്‍ കുറ്റിയറ്റുപോകുന്നവരുടെ അതിജീവന പോരാട്ടം

കല്‍പറ്റ: കുറ്റിയറ്റുപോകുന്ന ആദിവാസി വിഭാഗങ്ങളുടെ അതിജീവന പോരാട്ടമാണ് ഇവിടെ മോണോആക്ടും നാടകവും. കാലംചെല്ലുംതോറും ഇല്ലാതാകുന്നവരുടെ കൊച്ചുപ്രതിനിധികളാണ് പോരാട്ടത്തിന്‍െറ കനല്‍പാതകള്‍ താണ്ടി വേദികള്‍ കൈയിലെടുക്കുന്നത്. വയനാട്ടിലെ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കുന്ന മൂന്നാമത് സംസ്ഥാന സര്‍ഗോത്സവമാണ് വ്യത്യസ്തമാകുന്നത്.
കൊറഗ, മലവേട്ടുവന്‍, മാവിലന്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ കേരളത്തില്‍നിന്ന് അപ്രത്യക്ഷമാവുകയാണ്. കാസര്‍കോട് ബദിയടുക്ക, കര്‍ണാടകയിലെ വാമഞ്ചൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇവര്‍ ഇപ്പോഴുള്ളത്. എല്ലാ മേഖലയിലും പിന്നാക്കം. എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ ചുരുക്കം. പള്ളിക്കൂടത്തില്‍ പോകാതെ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റാനാണ് എല്ലാവരുടെയും വിധി. അപ്പോഴാണ് കൊറഗ വിഭാഗത്തിലെ പ്ളസ് ടു വിദ്യാര്‍ഥിനി തേജാക്ഷി സര്‍ഗോത്സവ വേദിയിലത്തെുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോആക്ടില്‍ പ്രകൃതി നശീകരണത്തിന്‍െറ ദുരന്തങ്ങള്‍ പാടിപ്പറഞ്ഞ് ഒന്നാംസ്ഥാനം നേടി. കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ രണ്ടാം വര്‍ഷ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് തേജാക്ഷി. മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ നിയാപദവ് ഗ്രാമത്തില്‍നിന്നാണ് ഇവളുടെ വരവ്. ഗ്രാമത്തിലെ തിമ്മങ്കൂര്‍ കോളനിയില്‍ 20 കൊറഗ കുടുംബങ്ങളാണുള്ളത്. ഇവരിലെ ഏക പ്ളസ് ടുകാരിയാണ് ഈ മിടുക്കി. അച്ഛന്‍ രാജീവ് നേരത്തേതന്നെ മരിച്ചു. ട്രൈബല്‍ പ്രമോട്ടറായ അമ്മ ലീലാവതിയാണ് ഏക ആശ്രയം. കന്നട തുളു ഭാഷയാണ് വീട്ടില്‍ സംസാരിക്കുക. തങ്ങളുടെ സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടാന്‍ കൂടിയാണ് താന്‍ അക്ഷരലോകത്ത് എത്തിയതെന്ന് തേജാക്ഷി അഭിമാനത്തോടെ പറയുന്നു.
കാസര്‍കോട് ബളാംതോട് ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ‘നിയോഗത്തിന്‍െറ തടവുകള്‍’ എന്ന നാടകത്തിലും അഭിനയിച്ചത് ഇല്ലാതാകുന്ന വിഭാഗങ്ങളുടെ പ്രതിനിധികള്‍തന്നെയാണ്. മലവേട്ടുവന്‍, മാവിലന്‍ എന്നീ ഗോത്രവിഭാഗങ്ങളിലെ സനല്‍, ശരത്, നിധിന്‍, സേതു, ശ്രീലാല്‍, ഉണ്ണിശങ്കരന്‍, മനു എന്നിവരാണ് തകര്‍ത്തഭിനയിച്ച് ഒന്നാമതത്തെിയത്. വൃദ്ധരായ അച്ഛനമ്മമാരെ ആട്ടിയോടിക്കുന്ന കെട്ടകാലമാണ് നാടകത്തിന്‍െറ വിഷയം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ് മലവേട്ടുവനും മാവിലനും.
കാസര്‍കോട്ടെ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇവര്‍ ഉള്ളത്. സാമ്പത്തിക ചെലവും മറ്റും മൂലം സ്കൂള്‍ കലോത്സവങ്ങളില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് സംസ്ഥാന പട്ടികവര്‍ഗവകുപ്പ് എല്ലാവര്‍ഷവും ‘സര്‍ഗോത്സവം’ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 18 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും 107 പ്രീ മെട്രിക് ഹോസ്റ്റലുകളിലെയും 850 ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേള ഇന്ന് അവസാനിക്കും.
രണ്ടാംദിവസത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാസര്‍കോട് എം.ആര്‍.എസ് 176 പോയന്‍റുമായി ഒന്നാംസ്ഥാനത്താണ്. 144 പോയന്‍റുമായി ചാലക്കുടി രണ്ടാമതും 112 പോയന്‍റുമായി കണിയാമ്പറ്റ മൂന്നാംസ്ഥാനത്തുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.