സ്ത്രീപക്ഷ ചിത്രങ്ങള്‍ വരച്ച് ചിത്രകാരികള്‍

കൊച്ചി: സ്ത്രീപക്ഷ ചിന്തകള്‍ കാന്‍വാസില്‍ പകര്‍ത്തി കൊച്ചിയില്‍ ചിത്രകാരികള്‍ ഒത്തുചേര്‍ന്നു. ഈമാസം ആറിന് നെടുമ്പാശ്ശേരി സിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാജ്യത്തെ ആദ്യ വനിതാ പാര്‍ലമെന്‍റിന്‍െറ ഭാഗമായി സി.പി.എം നിയന്ത്രണത്തിലുള്ള വനിതകളുടെ കലാ സംഘടന വനിതാ സാഹിതിയുടെ നേതൃത്വത്തിലാണ്  ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചത്. വനിതാ പാര്‍ലമെന്‍റില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സംസ്ഥാനത്തെ പേരെടുത്ത ചിത്രകാരികള്‍ ഉള്‍പ്പെടെ 43 പേരാണ് എറണാകുളം രാജേന്ദ്ര മൈതാനത്ത് ശനിയാഴ്ച പകല്‍ മുഴുവന്‍ നീണ്ടുനിന്ന ക്യാമ്പില്‍ പങ്കാളികളായത്. സ്ത്രീ വിമോചനം, മുന്നേറ്റം, അസമത്വം, അസഹിഷ്ണുത, സുരക്ഷ ഇവയെല്ലാം പ്രമേയമാക്കിയായിരുന്നു ചിത്രങ്ങള്‍ വരച്ചത്. പ്രമുഖ ചിത്രകാരികളായ ബിന്ദി രാജഗോപാല്‍, ശ്രീജ പള്ളം, വിക്ടോറിയ തുടങ്ങിയവര്‍ ചിത്രം വരച്ച് സംഘാടകര്‍ക്ക് കൈമാറി. ക്യാമ്പ് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍െറയും വനിതാ കലാസാഹിതിയുടെയും സംസ്ഥാന അധ്യക്ഷ ഡോ. സുജ സൂസണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
 രാജ്യത്തെ സമരങ്ങളെല്ലാം നിസ്സംഗാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ എഴുത്തുകാരുടെ സമരം വിജയിക്കുന്ന ചരിത്രം നമുക്ക് കാണാന്‍ കഴിഞ്ഞെന്ന് അവര്‍ പറഞ്ഞു. ചിത്രകലയില്‍ സ്ത്രീയുടെ സ്ഥാനം വളരെ കുറവാണ്. എന്നാല്‍, ജന്മംകൊണ്ടുതന്നെ ആര്‍ട്ടിസ്റ്റുകളായ സ്ത്രീകള്‍ മറ്റൊരുതരത്തില്‍ ദൈനംദിന ജീവിതത്തില്‍ എല്ലായ്പോഴും കലാപ്രവര്‍ത്തനം നടത്തുന്നവരാണെന്നും അവര്‍ പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന സ്ത്രീപക്ഷ കേരളം, സ്ത്രീ സമത്വ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള വനിതാ പാര്‍ലമെന്‍റ് പുരോഗമന പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. വിവിധ സംഘടന പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ അടക്കം 3500 പേര്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്‍റ് ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തേതാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. ചടങ്ങില്‍ വനിതാ സാഹിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. സുലേഖ അധ്യക്ഷയായി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, അജി സി. പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.