പുതുവര്‍ഷപ്പുലരിയില്‍ അവര്‍ക്ക് നന്മയുടെ ആഘോഷം

കോഴിക്കോട്: കരിമരുന്നുകള്‍ തീര്‍ക്കുന്ന വര്‍ണപ്പൊലിമയില്ല, ആര്‍പ്പാരാവങ്ങളില്ല. മറിച്ച് സ്നേഹ സാന്ത്വനം പെയ്തിറങ്ങിയ പുതുവര്‍ഷപ്പിറവി. വിധി ചുവരുകള്‍ക്കുള്ളില്‍ തളച്ച ജീവിതങ്ങള്‍ സാന്ത്വനമുറ്റത്ത് ഒരുമിച്ചുകൂടി. പാട്ടുപാടിയും തമാശകള്‍പറഞ്ഞും അവര്‍ പുത്തന്‍പുലരിയെ വേണ്ടുവോളം ആസ്വദിച്ചു.
ഗവണ്‍മെന്‍റ് സ്റ്റുഡന്‍റ്സ് നഴ്സ് അസോസിയേഷന്‍ ബീച്ച് യൂനിറ്റ് സാന്ത്വനം ഹെല്‍പ് ലൈനും പാലിയേറ്റിവ് കെയറും സംയുക്തമായി സംഘടിപ്പിച്ച ‘സാന്ത്വനമുറ്റം’ പരിപാടിയിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പായവരും മാനസിക വൈകല്യമുള്ളവരും കിഡ്നി, കാന്‍സര്‍ രോഗികളും ഒരുമിച്ചുചേര്‍ന്നത്.
സാധാരണക്കാരായ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവും സൗജന്യമായി നല്‍കിക്കൊണ്ടാണ് 12 വര്‍ഷംമുമ്പ് സാന്ത്വനത്തിന് ഒരുപറ്റം നഴ്സിങ് വിദ്യാര്‍ഥികള്‍ ആരംഭംകുറിക്കുന്നത്. സേവനത്തിന്‍െറ 13 വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനപൂര്‍വമായ നേട്ടങ്ങള്‍ ഇവര്‍ കരസ്ഥമാക്കി. രോഗികള്‍ക്ക് സൗജന്യമരുന്ന് നല്‍കിയും വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സന്ദര്‍ശിച്ച് കോഴിക്കോട് ബീച്ചില്‍ കുട്ടികള്‍ക്കായി വിശാലമായ കളിസ്ഥലമൊരുക്കിയും ബീച്ച് ഹോസ്പിറ്റലില്‍ കുട്ടികളുടെ വാര്‍ഡുകള്‍ അലങ്കരിച്ചും മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കാഴ്ചവെച്ചു. സേവനത്തിന്‍െറ 13ാം വര്‍ഷം വ്യത്യസ്തമായതും നന്മനിറഞ്ഞതുമായ ഒരു പുതുവര്‍ഷാഘോഷത്തോടെയായിരിക്കണം ആരംഭംകുറിക്കേണ്ടതെന്ന ആലോചനയില്‍നിന്നാണ് കെ.ജി.എന്‍.എ സാന്ത്വനം കോഴിക്കോട് ബീച്ച് യൂനിറ്റ് പാലിയേറ്റിവ് കെയറിന് കീഴിലുള്ള രോഗികള്‍ക്കായി ഇത്തരത്തിലൊരു സംഗമം സംഘടിപ്പിച്ചതെന്ന് ‘സാന്ത്വനം’ ചെയര്‍പേഴ്സന്‍ ഷിന്‍ജ പറഞ്ഞു. രോഗികളെ ആശുപത്രിയിലത്തെിച്ച് വീടിന് സമാനമായ സാഹചര്യത്തില്‍ അവരെ പരിചരിക്കുകയായിരുന്നു.
പരസഹായംകൂടാതെ, തിരിയാന്‍പോലും പറ്റാത്ത തങ്ങള്‍ക്ക് പുറംലോകവുമായി ഇഴകിച്ചേരാനും ഉല്ലസിക്കാനുമുള്ള അവസരമാണ് നഴ്സിങ് വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്നതെന്ന് സാന്ത്വനമുറ്റത്തെ ഓരോ ആളുകളും പറയുന്നു. മുക്കം സ്വദേശി മുഹമ്മദലി ‘മധുരിക്കും ഓര്‍മകളെ’ എന്ന ഗാനം ആലപിച്ചപ്പോള്‍ ഏവരും ഓര്‍മകളോടൊപ്പം താളംപിടിച്ചു.
പുതിയങ്ങാടി സ്വദേശി ജയദീപിന് അക്ഷരാര്‍ഥത്തില്‍ ഇതൊരു പുത്തന്‍ പുലര്‍ച്ചതന്നെയാണ്. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടക്കുന്ന ഇദ്ദേഹത്തിന് സ്വപ്നതുല്യമായ വാഗ്ദാനമാണ് ബീച്ച് ഹോസ്പിറ്റലിലെ പേരു പുറത്തുപറയാനാഗ്രഹിക്കാത്ത ഒരു വനിതാ നഴ്സ് നല്‍കിയിരിക്കുന്നത്. ജയദീപിന്‍െറ മകന്‍ ഒന്നാംക്ളാസുകാരന്‍ നിരഞ്ജന്‍െറ പഠനച്ചെലവുകള്‍ ഇനി ഇവര്‍ വഹിക്കും.
രോഗികള്‍ക്ക് സാന്ത്വനമേകിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ജെ.ഡി.ടി, എന്‍.ഐ.ടി വിദ്യാര്‍ഥികളും സാന്ത്വനസംഗമത്തില്‍ പുതുവര്‍ഷം ആഘോഷിക്കാനത്തെിയിരുന്നു. സംഗമം കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.