സ്കൂള്‍ കലോത്സവം; പന്തല്‍ നിര്‍മാണം ഇന്ന് തുടങ്ങും

തിരുവനന്തപുരം: ജനുവരി 19മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ പന്തല്‍ നിര്‍മാണം ശനിയാഴ്ച തുടങ്ങും. രണ്ടാമത്തെ വേദിയായ പൂജപ്പുര മൈതാനത്താണ് ആദ്യം പന്തല്‍ നിര്‍മിക്കുന്നത്. ഒന്നാമത്തെ വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് പ്രധാന പന്തലിന്‍െറ കാല്‍നാട്ടല്‍ അഞ്ചിന് രാവിലെ ഒമ്പതരക്ക് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. പുത്തരിക്കണ്ടത്ത് നിലവില്‍ മാധ്യമസ്ഥാപനത്തിന്‍െറ മേള നടക്കുകയാണ്. ഇത് രണ്ടിന് സമാപിക്കും. നാലിനകം മേളയുടെ പന്തല്‍ പൊളിക്കാനാണ് നിര്‍ദേശം. അതേസമയം, പന്തല്‍നിര്‍മാണത്തിനായി കരാറുകാര്‍ പൂജപ്പുര ഗ്രൗണ്ടില്‍ എത്തിച്ച സാമഗ്രികള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളിസംഘടനകളുമായുണ്ടായ പ്രശ്നം ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചു. കലോത്സവവേദികളില്‍ തൊഴിലാളി സംഘടനകള്‍ക്ക് കയറ്റിറക്ക് അവകാശം ഉണ്ടാകില്ളെന്ന ലേബര്‍ കമീഷണറുടെ ഉത്തരവ് ചര്‍ച്ചയില്‍ ലേബര്‍ ഓഫിസര്‍ സംഘടനാപ്രതിനിധികളെ അറിയിച്ചു. കഴിഞ്ഞദിവസം എത്തിയ ലോഡ് തര്‍ക്കത്തെതുടര്‍ന്ന് തൊഴിലാളികള്‍ തടഞ്ഞിരുന്നു. ചര്‍ച്ചയിലെ തീരുമാനത്തെതുടര്‍ന്ന് വെള്ളിയാഴ്ചതന്നെ ആദ്യ ലോഡ് പൂജപ്പുരയില്‍ ഇറക്കി.

രാത്രിയോടെ രണ്ടാമത്തെ ലോഡും എത്തി. ലോഡിന് 10,000 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. 24 ലക്ഷം രൂപക്ക് പന്തല്‍ നിര്‍മാണ കരാര്‍ എടുത്ത ഭാരത് പന്തല്‍ വര്‍ക്സിന് കയറ്റിറക്ക് ഇനത്തില്‍ മാത്രം അഞ്ച് ലക്ഷത്തോളം രൂപ തൊഴിലാളികള്‍ക്ക് നല്‍കണമെന്ന അവസ്ഥവന്നു. ഇതേതുടര്‍ന്ന് പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടുകയും ലേബര്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.