അധ്യാപകപാക്കേജിലെ കോടതിവിധി: തീരുമാനം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടു

തിരുവനന്തപുരം: അധ്യാപക പാക്കേജിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈകോടതി വിധിയില്‍ കൈക്കൊള്ളേണ്ട നടപടി മന്ത്രിസഭയുടെ പരിഗണനക്ക്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം.
വിധി നടപ്പാക്കിയാല്‍ അധിക സാമ്പത്തികബാധ്യതവരുമോ അപ്പീല്‍ സമര്‍പ്പിക്കണമോ എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ റിപ്പോര്‍ട്ടോടെ അടുത്ത മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്കുവെക്കാനാണ് നിര്‍ദേശം. പൊതുവിദ്യാഭ്യാസ, ധന, നിയമവകുപ്പുകള്‍ സംയുക്തമായി ഇത്  തയാറാക്കും.  കോടതിവിധി നടപ്പാക്കിയാല്‍ കനത്ത അധികസാമ്പത്തിക ബാധ്യത വരുമെന്ന് ധന, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു.
എന്നാല്‍, അധ്യാപക സംഘടനകള്‍ നല്‍കിയ കണക്കുകള്‍ ഹാജരാക്കിയ  മന്ത്രി പി.കെ. അബ്ദുറബ്ബ് കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി. നിലവിലുള്ള അധ്യാപകരുടെയും 2011ല്‍ ശമ്പളം പറ്റിയിരുന്നവരുടെയും കണക്കുകളാണ് സംഘടനകള്‍  മന്ത്രിക്ക് സമര്‍പ്പിച്ചത്.
എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ കണക്കാണ് വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ചത്. കോടതിവിധി നടപ്പാക്കുന്നത്  അധിക ബാധ്യത ഉണ്ടാക്കില്ളെന്നാണ്  അധ്യാപകസംഘടനകളുടെ വാദം. എന്നാല്‍, 1400 കോടി ബാധ്യത വരുമെന്നാണ് ധനവകുപ്പിന്‍െറ കണക്ക്.
 ഇതേതുടര്‍ന്ന് വ്യക്തമായ  വിവരങ്ങള്‍ സമര്‍പ്പിക്കാന്‍  പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ്സെക്രട്ടറി വി.എസ്. സെന്തില്‍, ധന അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാം, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.
 അപ്പീല്‍ പോകണമെന്ന നിലപാടാണ് വിദ്യാഭ്യാസ, ധന വകുപ്പുകളുടേത്. ഉത്തരവ് നടപ്പാക്കുന്നതുവഴി നിലവില്‍ നിയമനാംഗീകാരം കാത്തുനില്‍ക്കുന്നവരും അധിക തസ്തികകളും ഉള്‍പ്പെടെ 24000 തസ്തികകള്‍ പുതുതായി വരുമെന്നാണ് ഇവരുടെ കണക്ക്. മലപ്പുറം ജില്ലയില്‍നിന്ന് കണക്ക് ലഭ്യമായിട്ടില്ല. ഇതുകൂടി ചേരുന്നതോടെ 28000 തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരുമെന്നും പറയുന്നു. അപ്പീല്‍ പോകുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സംഘടനകളുടെ നിലപാട്.
20000ത്തോളം അധ്യാപകര്‍ വിരമിച്ചതും അധികമുള്ള അധ്യാപകര്‍ ശമ്പളംപറ്റുന്നത് കണക്കാക്കാതെയുമാണ് പെരുപ്പിച്ച കണക്ക് തയാറാക്കിയതെന്നും അവര്‍ പറയുന്നു.
  2011 ജൂണിന് ശേഷം അധിക തസ്തികകളില്‍ നടത്തിയ നിയമനത്തിനും പുതുതായി വരുന്ന തസ്തികകളിലെ നിയമനത്തിനും 1:30, 1:35 എന്ന അധ്യാപകവിദ്യാര്‍ഥി അനുപാതം നടപ്പിലാക്കാനാണ് കോടതി ഉത്തരവ്. എന്നാല്‍, 1:45 എന്ന അനുപാതമാണ് പാക്കേജില്‍  വ്യവസ്ഥ ചെയ്തിരുന്നത്.
യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ വി.എസ്. സെന്തില്‍, കെ.എം. എബ്രഹാം, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ജലീല്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ തുടങ്ങിയവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.