ബജറ്റ് കേരളത്തെ അവഗണിച്ചു –കോടിയേരി

കൊച്ചി: കേരളം ഇന്ത്യയുടെ ഭാഗമാണെന്ന പരിഗണനപോലും ബജറ്റില്‍  കേന്ദ്രം നല്‍കിയില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റ് കടുത്ത നിരാശയാണ് കേരളത്തിന് സമ്മാനിച്ചത്. മുന്‍ യു.പി.എ സര്‍ക്കാറിന്‍െറ  നയംതന്നെയാണ് ബി.ജെ.പി സര്‍ക്കാറും സ്വീകരിച്ചത്.
ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാതെ കേരളത്തെ പാടേ അവഗണിച്ചു. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കോടിയേരി  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  റബര്‍ വിലത്തകര്‍ച്ച, നാളികേര മേഖലയിലെ പ്രതിസന്ധി എന്നിവ നേരിടാനുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ല. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും വിലസ്ഥിരതാ ഫണ്ട് വേണമെന്നുമുള്ള കേരളത്തിന്‍െറ ആവശ്യങ്ങള്‍ അവഗണിച്ചു.   പ്രവാസികളുടെ പുനരധിവാസത്തിന് നടപടി വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. പണപ്പെരുപ്പം 5.4 ശതമാനം  കുറഞ്ഞെന്ന വാദം യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കോടിയേരി പറഞ്ഞു.

ബജറ്റ് യാഥാര്‍ഥ്യബോധമുള്ളത് –കുമ്മനം
തിരുവനന്തപുരം: യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍.കര്‍ഷകരെയും സാധാരണക്കാരെയും കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ളെന്നത് ശ്രദ്ധേയമാണ്. മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കും മുതലാളിമാര്‍ക്കും വഴിവിട്ട് സഹായം ചെയ്യുന്നെന്ന ആരോപണം ഉന്നയിച്ചവര്‍ക്കുള്ള പ്രഹരമാണ് ബജറ്റ് –അദ്ദേഹം പറഞ്ഞു.

അതിസമ്പന്നരെ സഹായിക്കുന്നത് –സുധീരന്‍
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അതിസമ്പന്നരെയും കോര്‍പറേറ്റുകളെയുമാണ് സഹായിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. റബര്‍ കര്‍ഷകരും ഏലം കര്‍ഷകരും നാളീകേരകര്‍ഷകരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലാത്തത് നിരാശാജനകമാണ്.
ശബരിമലയെ ദേശീയതീര്‍ഥാടനകേന്ദ്രമാക്കണമെന്ന കേരളത്തിന്‍െറ ആവശ്യവും പരിഗണിച്ചില്ല. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ്, എയര്‍ കേരള, കശുവണ്ടി, കയര്‍ മേഖല, സമുദ്രോല്‍പന്ന വികസനത്തിന് കൂടുതല്‍ ധനസഹായം എന്നിവയും കേരളം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, ഇവ ഒന്നും പരിഗണിച്ചില്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.