മുസ്ലിം ജമാഅത്ത് കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല –കാന്തപുരം

കോഴിക്കോട്: മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന നാനാവിധ പ്രശ്നങ്ങളില്‍ ദിശാബോധം നല്‍കി സമുദായത്തെ ശാക്തീകരിക്കുകയാണ് കേരള മുസ്ലിം ജമാഅത്തിന്‍െറ ലക്ഷ്യമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മുസ്ലിം ജമാഅത്ത് പ്രസിഡന്‍റുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തോടനുബന്ധിച്ച് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംഘടനയുടെ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വരസമൂഹത്തില്‍ സ്വത്വം നിലനിര്‍ത്തി ജീവിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുമായി സൗഹൃദം നിറഞ്ഞ അന്തരീക്ഷം നിലനിര്‍ത്താന്‍ എക്കാലവും മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമായിരിക്കും. അഖിലേന്ത്യാ തലത്തില്‍ മുസ്ലിം ജമാഅത്ത് രൂപവത്കരിക്കുന്നതിന് മുന്നോടിയായാണ് പ്രാഥമികമായി കേരള മുസ്ലിം ജമാഅത്ത് രൂപവത്കരിച്ചത്. കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ളെങ്കിലും പ്രവര്‍ത്തകര്‍ക്ക് തികഞ്ഞ രാഷ്ട്രീയാവബോധം നല്‍കും. സംസ്ഥാനത്തെ മുസ് ലിം രാഷ്ട്രീയ ഭൂമികയെ സംബന്ധിച്ച് പുനരാലോചനകള്‍ നടക്കേണ്ടതുണ്ട്.

വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലിംകളുടെ പേരില്‍ത്തന്നെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. പക്ഷേ, സമുദായത്തിനൊരു പിന്തുണ വേണ്ടിവരുമ്പോള്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെയാണ് നില്‍ക്കുന്നത്. പാര്‍ലമെന്‍ററി വ്യാമോഹത്തിനപ്പുറമുള്ള അജണ്ടകളിലേക്ക് ഇവര്‍ സത്യത്തില്‍ കടന്നുവരുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും തുല്യനിലയില്‍ ഉള്‍ക്കൊള്ളാനുള്ള സൗമനസ്യംപോലും പലര്‍ക്കുമില്ളെന്നത് സത്യമാണ്. വിയോജിക്കുന്നവരോട് ശത്രുതാമന$സ്ഥിതിയോടെ പെരുമാറുന്നതാണ് പലരുടെയും രീതി. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ മുസ്ലിം ജമാഅത്ത് ആഗ്രഹിക്കുന്നില്ല. അതേസമയം, ആവശ്യമായ സമയത്ത് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തും. രാഷ്ട്രീയം ഉപയോഗിച്ച് സമുദായത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെ നിയമവിധേയമായി ചോദ്യംചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.

ആവശ്യംവരുമ്പോള്‍ ശബ്ദിക്കുകയും പ്രതികരിക്കുകയും ചെയ്യുമെങ്കിലും രാഷ്ട്രീയമായി സംഘടിക്കുകയില്ല. മുസ്ലിം സമുദായത്തിനുള്ള അവകാശങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന തലത്തില്‍ വന്ന കമീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ച് നിയമവിധേയമായി നടപ്പാക്കാന്‍ ശ്രമിക്കും. വര്‍ഗീയ ചേരിതിരിവും കലാപവും ഇല്ലാതാക്കാന്‍ പരമാവധി ശ്രമിക്കും. സമുദായത്തിന്‍െറ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു സമുദായത്തെ മറക്കില്ല. ഇന്ത്യാരാജ്യത്തിന്‍െറ നാനാത്വത്തില്‍ ഏകത്വത്തില്‍നിന്ന് വ്യതിചലിച്ച് മുന്നോട്ടുപോകില്ല. മതത്തിന്‍െറ പേരില്‍ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്നത് നൂതന സിദ്ധാന്തക്കാരാണ് -അദ്ദേഹം പറഞ്ഞു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, സി. മുഹമ്മദ് ഫൈസി, മജീദ് കക്കാട്, എം.വി. അബ്ദുറസാഖ് സഖാഫി എന്നിവര്‍ മുസ്ലിം ജമാഅത്ത് സാരഥികളെ അനുമോദിച്ചു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.