ഐ.എസ്.എം യൂത്ത് മീറ്റ് ഇന്ന് കൊച്ചിയില്‍ തുടങ്ങും

കൊച്ചി: കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) യുവജനവിഭാഗമായ ഐ.എസ്.എം സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് മീറ്റ് ശനിയാഴ്ച നാലിന് കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഐ.എസ്.എം സുവര്‍ണജൂബിലി ആഘോഷങ്ങളുടെ തുടക്കമായാണ് ദ്വിദിന യുവജനസംഗമം സംഘടിപ്പിക്കുന്നത്. യുവത്വം, സമര്‍പ്പണം, സമാധാനം എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ എട്ട് സെഷനുകളിലായി 25 പ്രബന്ധം അവതരിപ്പിക്കും. ഓള്‍ ഇന്ത്യ അഹ്ലേ ഹദീസ് ഖാസിന്‍ മൗലാന അബ്ദുല്‍ വക്കീല്‍ പര്‍വേസ് അഹ്മദ് (ഡല്‍ഹി) ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിക്കും.  വൈകുന്നേരം നടക്കുന്ന ഓപണ്‍ ഫോറത്തില്‍ ഐ.ആര്‍.ഇ.എഫ് പ്രസിഡന്‍റ് ഇംറാന്‍ (ഹൈദരാബാദ്) ‘ഇസ്ലാം ലോക സമാധാനത്തിന്‍െറ വഴി’ വിഷയത്തില്‍ സംസാരിക്കും.
ഞായറാഴ്ച രാവിലെ നടക്കുന്ന സംസ്കരണ സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. രണ്ടിന് യൂത്ത് പാര്‍ലമെന്‍റ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷത വഹിക്കും. യൂത്ത് പാര്‍ലമെന്‍റില്‍ സൈബര്‍ സ്മാര്‍ട്ട് മൊബ് എന്ന സെഷനില്‍ സൈബര്‍ ഭീകരതക്കെതിരെ പതിനായിരം യുവാക്കള്‍ ഒരേസമയം നന്മയുടെ സന്ദേശം അയക്കും. കള്‍ച്ചറല്‍ സമ്മിറ്റ് ഡോ. തോമസ് ഐസക് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനവും ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.