മലബാര്‍ ഇന്‍റഗ്രേറ്റഡ് ടൗണ്‍ഷിപ്പിന് ശിലയിട്ടു

തൃശൂര്‍: കൂടുതല്‍ ഐ.ടി പാര്‍ക്കുകള്‍ വരുന്നതോടെ സംസ്ഥാനത്തിന്‍െറ സാമ്പത്തികനില കുത്തനെ ഉയരുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മലബാര്‍ ഗ്രൂപ് തൃശൂര്‍ കുട്ടനെല്ലൂരില്‍ തുടങ്ങുന്ന ഇന്‍റഗ്രേറ്റഡ് ടൗണ്‍ഷിപ്പിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്‍െറ ഐ.ടി പാര്‍ക്കുകളേക്കാള്‍ പ്രവര്‍ത്തനം സ്വകാര്യ പാര്‍ക്കുകളില്‍ നടക്കുന്നുണ്ട്. കൂടുതല്‍ തൊഴിലവസരവും വിദേശ കമ്പനികളുടെ സാന്നിധ്യവും ഐ.ടി പാര്‍ക്കുകള്‍ ഉറപ്പാക്കുന്നുണ്ട്. യുവാക്കള്‍ക്ക് തൊഴിലവസരം ഉണ്ടാക്കിയും വ്യവസായ സംരംഭങ്ങള്‍ വളര്‍ത്തിയും അവ സംസ്ഥാനത്തിന്‍െറ സാമ്പത്തികനില ഉയര്‍ത്തും.

ഐ.ടി കമ്പനികളെ വലുതെന്നും ചെറുതെന്നും വേര്‍തിരിക്കുന്നതില്‍ അര്‍ഥമില്ല. സാങ്കേതികവിദ്യയുടെ മികവിലാണ് ഐ.ടി കമ്പനികളുടെ വളര്‍ച്ച. ആധുനിക രീതിയിലുള്ള വ്യവസായങ്ങള്‍ സംസ്ഥാനത്തിന്‍െറ വളര്‍ച്ചക്ക് ഉതകുമെന്നും മലബാര്‍ ഇന്‍റഗ്രേറ്റഡ് ടൗണ്‍ഷിപ് അടുത്ത ട്രെന്‍ഡായി മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. എം.പി. വിന്‍സെന്‍റ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യന്‍, മലബാര്‍ ഇന്‍റഗ്രേറ്റഡ് ടൗണ്‍ഷിപ് സി.ഇ.ഒ ഗിരീഷ് ബാബു, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. റഷീദ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ബ്ളോക് പഞ്ചായത്ത ്പ്രസിഡന്‍റ് ഉമാദേവി, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍, പ്രഫ. പി.സി. തോമസ്, ജോസ് ആലുക്കാസ്, മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.

മലബാര്‍ ഗ്രൂപ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് എം.ഡി ഒ. അഷര്‍, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ കെ.പി. വീരാന്‍കുട്ടി, എ.കെ. നിഷാദ് എന്നിവര്‍ പങ്കെടുത്തു. മലബാര്‍ ഹൗസിങ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ‘എല്ലാവര്‍ക്കും വീട്’ പദ്ധതിയുടെ ഭാഗമായി 10,000 വീടുകള്‍ കൈമാറിയതിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനവും ഹൗസിങ് ചാരിറ്റിയുടെ ചെക്ക് വിതരണവും ചടങ്ങില്‍ നടന്നു.

2,000 കോടി രൂപ മുടക്കിയാണ് ഇന്‍റഗ്രേറ്റഡ് ടൗണ്‍ഷിപ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐ.ടി പാര്‍ക്ക്, ബിസിനസ് പാര്‍ക്ക്, കണ്‍വെന്‍ഷന്‍ സെന്‍റര്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഷോപ്പിങ് മാള്‍, മള്‍ട്ടിപ്ളക്സ് തിയറ്റര്‍ എന്നിവ അടങ്ങുന്നതാണ് പദ്ധതി. അഞ്ച് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നതോടെ 50,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ടൗണ്‍ഷിപ്പില്‍ 40 ശതമാനം പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും 30 ശതമാനം ഐ.ടി പാര്‍ക്ക്, ബിസിനസ് പാര്‍ക്ക് എന്നിവക്കും വിനിയോഗിക്കും. പരിപാടിയോടനുബന്ധിച്ച് നടത്തിയ മെഡിക്കല്‍
ക്യാമ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശിലാസ്ഥാപനത്തിന് ശേഷം കലാപരിപാടികള്‍ അരങ്ങേറി. ഫുഡ്ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച ജോബ് ഫെയറും നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.