നടൻ ജയസൂര്യക്കെതിരെ കേസെടുക്കണമെന്ന് കോടതി

മൂവാറ്റുപുഴ: കൊച്ചിയിൽ കായല്‍ കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ചലച്ചിത്ര നടന്‍ ജയസൂര്യ 3.7 സെന്‍റ് സ്ഥലം കൈയേറിയതായാണ് ആരോപണം. ജയസൂര്യക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പിയോട് കോടതി ഉത്തരവിട്ടു.

പൊതുപ്രവര്‍ത്തകനായ കളമശ്ശേരി ഞാലകംകര പുന്നക്കാടന്‍ വീട്ടില്‍ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപത്ത് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തെന്നാണ് പരാതി. കണയന്നൂര്‍ താലൂക്ക് സര്‍വേയറാണ് ക്രമക്കേട് കണ്ടെത്തിയത്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എം. ജോര്‍ജ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.