റെയില്‍വേ ബജറ്റില്‍ കണ്ണും നട്ട് കേരളം

തിരുവനന്തപുരം: പതിവുകള്‍ക്ക് വിപരീതമായി ഇക്കുറി അര്‍ഹമായ പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണ് വ്യാഴാഴ്ച അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റിനായി കേരളം കാതോര്‍ക്കുന്നത്. വലിയ പ്രഖ്യാപനങ്ങളുണ്ടായില്ളെങ്കിലും നേരത്തേ പ്രഖ്യാപിച്ചതും നിലവില്‍ മന്ദീഭവിച്ചതുമായ പദ്ധതികള്‍ക്ക് ബജറ്റില്‍ ഇടംകിട്ടുമെന്നാണ് പ്രതീക്ഷ. റെയില്‍ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ക്ക് സംസ്ഥാനം 602 കോടിയുടെ ഫണ്ട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതു ലഭ്യമാകുമോ എന്ന് കണ്ടറിയണം. പാതയിരട്ടിപ്പിക്കലാണ് സംസ്ഥാനത്തിന്‍െറ പ്രധാന ആവശ്യങ്ങളിലൊന്ന്. എറണാകുളം- കോട്ടയം- തിരുവനന്തപുരം, എറണാകുളം- ആലപ്പുഴ- തിരുവനന്തപുരം പാതകള്‍ പൂര്‍ണമായി ഇരട്ടിപ്പിക്കാതെ റെയില്‍വേ വികസനം യാഥാര്‍ഥ്യമാകില്ല. സംസ്ഥാനത്തിന്‍െറ കാലങ്ങളായുള്ള കാത്തിരിപ്പായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും തുടര്‍നടപടികള്‍ കാര്യമായി മുന്നോട്ട് നീങ്ങിയിട്ടില്ല. റെയില്‍വേയില്‍ കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പ്രഥമ പരിഗണന നല്‍കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ചെറിയ റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വിസുകള്‍ ആരംഭിക്കുക, മുന്‍ വര്‍ഷങ്ങളിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുക തുടങ്ങിയവയാണ് സംസ്ഥാനം മുന്നോട്ടുവെക്കുന്ന മറ്റ് ആവശ്യങ്ങള്‍. അങ്കമാലി-ശബരി പാത, നിലമ്പൂര്‍-നഞ്ചന്‍കോട് പാത, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, കണ്ണൂരിലെ പിറ്റ്ലൈന്‍, ചരക്ക് ഗതാഗതത്തിന് മുംബൈ-മംഗലാപുരം റൂട്ടില്‍ ഉപയോഗിക്കുന്ന റോറോ സര്‍വിസ്, പാലക്കാട്, ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ മെമു സര്‍വിസ്, തിരുവനന്തപുരം-ഗുവാഹതി പാതയില്‍ രണ്ട് തേഡ് എ.സി ഉള്‍പ്പെടെ 24 കോച്ചുള്ള പ്രതിദിന ട്രെയിന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുനേരെ ബജറ്റ് കണ്ണുതുറക്കുമോ എന്നും ഇന്നറിയാം.
തിരുവനന്തപുരം, എറണാകുളം, പാലക്കാട് സ്റ്റേഷനുകളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും പ്രതീക്ഷകളുടെ പട്ടികയിലുണ്ട്. പ്രത്യേക സോണ്‍ ആവശ്യം പതിവുപോലെ ഇക്കുറിയുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.