യു.എല്‍ സൈബര്‍ പാര്‍ക്ക് 27ന് രാഷ്ട്രപതി നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: മലബാറിന്‍െറ ഐ.ടി സ്വപ്നങ്ങള്‍ക്ക് മിഴിവേകി സഹകരണമേഖലയില്‍ കോഴിക്കോട്ട് സ്ഥാപിച്ച യു.എല്‍ സൈബര്‍ പാര്‍ക്ക് ഫെബ്രുവരി 27ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാടിന് സമര്‍പ്പിക്കും. തൊണ്ടയാട് ബൈപാസിലെ സൈബര്‍ പാര്‍ക്കിലെ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഡിജിറ്റല്‍ കേരള, കനിവ് പദ്ധതികളുടെ പ്രഖ്യാപനവും ഡിജിറ്റല്‍ എംപ്ളോയ്മെന്‍റ് കാമ്പയിന്‍ ഉദ്ഘാടനവും ജെന്‍ഡര്‍ പാര്‍ക്ക് സമര്‍പ്പണവും രാഷ്ട്രപതി നിര്‍വഹിക്കുമെന്ന് ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യു.എല്‍ സൈബര്‍ പാര്‍ക്കും തൊട്ടടുത്ത സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തിരുവനന്തപുരത്തിനും എറണാകുളത്തിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ ഐ.ടി നഗരമായി കോഴിക്കോട് മാറുമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ പാര്‍ക്കുകള്‍ സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ സംരംഭമോയെന്ന് വേര്‍തിരിച്ച് കാണേണ്ട കാര്യമില്ല. ഒട്ടേറെ പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഇത്തരം പാര്‍ക്കുകള്‍ക്ക് സാധിക്കും. ഐ.ടി മേഖലയുടെ സമഗ്ര വികസനത്തിനാണ് സര്‍ക്കാറിന്‍െറ മുന്‍ഗണന. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഐ.ടി വളര്‍ച്ച കരിപ്പൂര്‍ വിമാനത്താവളമുള്‍പ്പെടെ അനുബന്ധ മേഖലകളുടെയും വികസനം സാധ്യമാക്കും. അടിസ്ഥാന സൗകര്യമൊരുക്കിക്കഴിഞ്ഞാല്‍ വിദേശ കമ്പനികള്‍ വരും. സ്മാര്‍ട്ട്സിറ്റിയില്‍ വിദേശ കമ്പനികള്‍ എത്തിയില്ളെന്ന വിമര്‍ശത്തില്‍ കഴമ്പില്ല. സംരംഭം തുടങ്ങുമ്പോഴേക്ക് കമ്പനികള്‍ വരണമെന്നില്ല. കമ്പനികള്‍ വരുമോയെന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയില്ളെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

27ന് ഉച്ചക്ക് 12.45ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍  പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, കോടിയേരി ബാലകൃഷ്ണന്‍, മേയര്‍ വി.കെ.സി മമ്മദ്കോയ, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എളമരം കരീം തുടങ്ങിയവര്‍ പങ്കെടുക്കും. വടകര കേന്ദ്രീകരിച്ച് 1925ല്‍ ആരംഭിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സൈബര്‍ പാര്‍ക്ക് സ്ഥാപിച്ചത്.
സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യത്തെ സൈബര്‍ പാര്‍ക്കാണിത്. ദേശീയപാത ബൈപാസിലെ നെല്ലിക്കോട്ട് 25.11 ഏക്കര്‍ സ്ഥലത്ത് 31 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 270 കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കിയത്. 10 നില കെട്ടിടത്തില്‍ രാജ്യാന്തര തലത്തിലെ ആറ് പ്രമുഖ ഐ.ടി കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ധാരണയായി.യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്‍, ഗവ. സൈബര്‍പാര്‍ക്ക് സി.ഇ.ഒ അജിത് കുമാര്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അരുണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.