ജെ.എന്‍.യു: മോഹന്‍ലാലിന്‍െറ ബ്ളോഗിനെതിരെ ‘ഓണ്‍ലൈന്‍ പൊങ്കാല’

തിരുവനന്തപുരം: ജെ.എന്‍.യുവിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തെ വിമര്‍ശിച്ച്  നടന്‍ മോഹന്‍ലാലെഴുതിയ  ബ്ളോഗിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ‘ഓണ്‍ലൈന്‍ പൊങ്കാല’. നടന്‍െറ നിലപാടിനെ വിമര്‍ശിച്ചുള്ള സിനിമാരംഗങ്ങളുടെ ഹാസ്യാത്മക പുനരാവിഷ്കാരം മുതല്‍ ലാലിസം വരെ നിറഞ്ഞുനില്‍ക്കുന്ന ആക്ഷേപങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ക്കുപുറമെ വെബ്പോര്‍ട്ടലുകളിലും സജീവമായി നടക്കുന്നു. സംഘ്പരിവാര്‍ ആശയങ്ങളുടെ വക്താവായി മോഹന്‍ലാല്‍ മാറിയെന്നാണ്  വിമര്‍ശങ്ങളില്‍ ഏറിയ പങ്കും. ഒരുവശത്ത് ട്രോളുകള്‍ രൂക്ഷമായി നിറയുമ്പോള്‍ മറുഭാഗത്ത് മുതിര്‍ന്ന നേതാക്കള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശവുമായി രംഗത്തത്തെിയിട്ടുണ്ട്. അതേസമയം, ഓണ്‍ലൈന്‍ പൊങ്കാല തടയാന്‍ ബി.ജെ.പി അനുകൂലികള്‍ സജീവമായതും ചര്‍ച്ചകള്‍ക്ക് ചൂടുകൂട്ടുന്നു. ട്രോളുകളിലാണ് ഇവര്‍ക്കുള്ള മറുപടികളേറെയും.  

രാജ്യത്തെ കാക്കുന്ന ജവാന്‍െറ പിതാവിനെ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് തല്ലിക്കൊന്നപ്പോഴും കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ ശവപ്പെട്ടിയില്‍ വരെ അഴിമതി നടന്നപ്പോഴും അമ്പലത്തില്‍ കയറിയ ദലിതരെ ചുട്ടുകൊന്നപ്പോഴും നരേന്ദ്ര ധഭോല്‍കറും പന്‍സാരെയും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടപ്പോഴും താങ്കളുടെ ബ്ളോഗിന് ജലദോഷമായിരുന്നോ ലാലേട്ടാ...എന്നാണ് ഏറെ ഷെയര്‍ചെയ്യപ്പെടുന്ന ഒരു പോസ്റ്റിന്‍െറ ഉള്ളടക്കം. ‘അങ്ങ് മഹാനടനാണ്, മലയാളികള്‍ ഇഷ്ടപ്പെടുന്നത് അങ്ങയുടെ നടനവും ..അത്രേയുള്ളൂ നമ്മള്‍ തമ്മിലുള്ള ബന്ധവും. ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ അസംബന്ധങ്ങള്‍ വഴിതുറക്കാതിരിക്കട്ടെ എന്നാണ് മറ്റൊരു പോസ്റ്റ്. ‘വൈകീട്ടെന്താ പരിപാടി’ എന്ന പരസ്യവാചകത്തെ കേന്ദ്രീകരിച്ചുള്ള വിമര്‍ശങ്ങളും ഏറെയാണ്. ബ്ളോഗിലെ പോസ്റ്റിന് താഴെ കമന്‍റ് ബോക്സിലും പ്രതിഷേധങ്ങളുണ്ട്.‘രാജ്യസ്നേഹം പറഞ്ഞ് വല്ലാതെ വികാരം കൊള്ളുന്ന പ്രിയ മോഹന്‍ലാല്‍, കഴിഞ്ഞമാസവും ഗാന്ധിജിയെ കൊന്നതിന് ആഹ്ളാദിച്ച് ഈ മണ്ണില്‍ ഗോദ്സെയുടെ മക്കള്‍ പ്രകടനം നടത്തിയതും ഇന്ത്യന്‍ റിപ്പബ്ളിക് ദിനം കരിദിനമായി ആചരിച്ചതും  താങ്കള്‍ അറിഞ്ഞില്ളെന്നുണ്ടോ..?’ എന്നാണ് പ്രതികരണങ്ങളിലൊന്ന്. അതേസമയം, പിന്തുണ അര്‍പ്പിച്ചും കമന്‍റുകളുണ്ട്.

‘പുതിയ നിലപാടുകളുടെ ചെലവില്ലാതെതന്നെ ഭാരത്രത്ന ഉള്‍പ്പെടെയുള്ള സകലപുരസ്കാരങ്ങള്‍ക്കും അര്‍ഹതയുള്ള ആളാണ് മോഹന്‍ലാലെ’ന്നായിരുന്നു ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വാരാജിന്‍െറ ഫേസ്ബുക് പോസ്റ്റ്. അശോക് വാജ്പേയി മുതല്‍ ജയന്തമഹാപാത്ര വരെയുള്ള വലിയ മനുഷ്യര്‍ തങ്ങളുടെ പുരസ്കാരങ്ങള്‍ വലിച്ചെറിഞ്ഞത് എന്തിനായിരുന്നെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കണമെന്നും അവരെയൊന്നും ദയവായി ദേശസ്നേഹമില്ലാത്തവരായി കാണരുതെന്നും സ്വരാജ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് എം.പിയും ബ്ളോഗിനെതിരെ രംഗത്തത്തെിയിട്ടുണ്ട്. ഒരു മഹാനടന്‍െറ അവസരവാദവിലാപം എന്ന തലക്കെട്ടില്‍ ഗുജറാത്ത് കലാപത്തിലെ ഇര കുത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം സഹിതം ഉള്‍പ്പെടുത്തിയാണ് ഷാനവാസിന്‍െറ ഫേസ്ബുക് പോസ്റ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.