തിരുവനന്തപുരം: സോളാർ കമീഷനെ ഭീഷണിപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബഹളം നിയന്ത്രണാധീതമായതോടെ സ്പീക്കർ എൻ. ശക്തൻ സഭാ നടപടികൾ നിർത്തിവെച്ചു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി. തോമസാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ അഭിഭാഷകരും സോളാർ ജുഡീഷ്യൽ കമീഷനെ ഭീഷണിപ്പെടുത്തുന്നതായും സമ്മർദം ചെലുത്തുന്നതായും മാത്യു ടി. തോമസ് ആരോപിച്ചു. വിഷയം സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജുഡീഷ്യൽ കമീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നിയമസഭാ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ റൂളിങ് നൽകി. ഏതെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ജുഡീഷ്യൽ കമീഷന് അധികാരമുണ്ടെന്നും എൻ. ശക്തൻ സഭയെ അറിയിച്ചു.
തുടർന്ന് ഇടപെട്ട് സംസാരിച്ച മാത്യു ടി. തോമസ് കമീഷനെ മന്ത്രി ഭീഷണപ്പെടുത്തിയ വിഷയമാണ് ചർച്ച ചെയ്യേണ്ടതെന്ന് വ്യക്തമാക്കി. എന്നാൽ, മന്ത്രി ഭീഷണിപ്പെടുത്തിയ സംഭവത്തിലും നടപടി സ്വീകരിക്കാൻ കമീഷന് അധികാരമുണ്ടെന്ന് പറഞ്ഞ സ്പീക്കർ മറ്റ് കാര്യപരിപാടിയിലേക്ക് കടന്നു.
സ്പീക്കറുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭയിൽ ബഹളംവെക്കാൻ തുടങ്ങി. ഇതോടെ സഭാ നടപടികൾ സ്പീക്കർ നിറുത്തിവെക്കുകയായിരുന്നു. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.