കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ കീഴടങ്ങലും തുടര്‍ സംഭവങ്ങളും പാര്‍ട്ടി നേതൃത്വം സമചിത്തതയോടെ കൈകാര്യം ചെയ്തു. തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ സി.പി.എമ്മിന്‍െറ ഭാഗത്തുനിന്ന് അക്രമം ഉണ്ടാവില്ളെന്ന് പ്രചാരണമുയരുമ്പോഴും അണികള്‍ അതിരുവിടുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍, കീഴടങ്ങല്‍ സമാധാനപരമാക്കാന്‍ ജില്ലാ നേതൃത്വം ആസൂത്രണം നടത്തി. അതുകൊണ്ടുതന്നെ പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 2012 ആഗസ്റ്റ് ഒന്നിന് ജയരാജന്‍ അറസ്റ്റിലായപ്പോള്‍ ഉണ്ടായതുപോലെ അക്രമം ആവര്‍ത്തിച്ചില്ല. കീഴടങ്ങല്‍ ഉടനുണ്ടാവുമെന്ന് അറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലും കണ്ണൂര്‍, തലശ്ശേരി കോടതികളിലും എത്തി. എങ്കിലും കോടതിയിലാണോ സി.ബി.ഐ ക്യാമ്പ് ഓഫിസിലാണോ ഹാജരാവുകയെന്ന അവ്യക്തത നിലനിന്നു.
ഇതിനിടയില്‍ എം.വി. ജയരാജന്‍ രാവിലെ ഒമ്പതിന് ജില്ലാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ആശുപത്രിയിലായിരുന്ന പി. ജയരാജനെ ഇതേസമയം ഐ.സി.യു ആംബുലന്‍സില്‍ കൂത്തുപറമ്പ് റൂട്ടിലൂടെ തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നേരത്തെ നിശ്ചയിച്ച ജില്ലാ സെക്രട്ടേറിയറ്റില്‍ പി. ജയരാജന്‍ പങ്കെടുക്കില്ളെന്ന് മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ തലശ്ശേരിയിലേക്ക് നീങ്ങി. തലശ്ശേരി സഹകരണ ആശുപത്രിയിലെ പരിശോധനക്കുശേഷം 10.45ന് കോടതിയിലത്തെുന്നതിന് മുമ്പുതന്നെ എം.വി. ജയരാജനും കെ.കെ. രാഗേഷ് എം.പിയും ഉള്‍പ്പെടെ നേതാക്കള്‍ അവിടെയുണ്ടായിരുന്നു. ഭാര്യ യമുനക്കും രണ്ടു സഹായികള്‍ക്കുമൊപ്പം ആംബുലന്‍സില്‍ നിന്നിറങ്ങിയ പി. ജയരാജനെ എതിരേല്‍ക്കാന്‍ കൂടുതല്‍ അണികള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. കോടതി നടപടികള്‍ക്കുശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കിയാണ് സെന്‍ട്രല്‍ ജയിലിലത്തെിച്ചത്. ജയരാജനെ കൊണ്ടുവന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. ആംബുലന്‍സില്‍ നിന്നിറങ്ങി ജയരാജന്‍ അഭിവാദ്യം ചെയ്തപ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് പണിപ്പെട്ടു. ജയില്‍ പൊലീസിന് പുറമെ ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ജയില്‍ പരിസരത്ത് തമ്പടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.