സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്: അഭിഭാഷകരുടെ അഭിപ്രായം തേടി

കൊച്ചി: സോളാര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണ കമീഷന്‍ അഭിഭാഷകരോട് അഭിപ്രായം ചോദിച്ചു. സാക്ഷികളുടെ വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയാകാത്തതിനാല്‍ ഏപ്രില്‍ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകില്ല. ഈ സാഹചര്യത്തില്‍ കമീഷന്‍ കാലാവധി നീട്ടുന്നത് സംബന്ധിച്ച് എല്ലാ കക്ഷികളുടെയും അഭിഭാഷകര്‍ തിങ്കളാഴ്ച അഭിപ്രായം അറിയിക്കണമെന്നും ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ ആവശ്യപ്പെട്ടു.

കേസില്‍ 37 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്.മുഖ്യപ്രതികള്‍ ഉള്‍പ്പെടെ പലരും സമയത്തിന് ഹാജരാകുന്നില്ല. മൊഴികള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സമയമെടുക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ള പക്ഷം കൃത്യതക്കായി സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് തോന്നുന്നില്ല. വേണമെങ്കില്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. എന്നാല്‍ അത് ശരിയാകില്ല.  റിപ്പോര്‍ട്ട് സത്യസന്ധമായിരിക്കണം. അതുകൊണ്ടാണ് സര്‍ക്കാറിനോട് കൂടുതല്‍ സമയം ചോദിക്കുന്നത്. പരമാവധി തെളിവുകളും സാക്ഷികളെയും ഉള്‍പ്പെടുത്തി സത്യം പൊതുസമൂഹത്തെ അറിയിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലത്ത് സാക്ഷികള്‍ കൃത്യസമയത്ത് ഹാജരാകുമെന്ന് ഉറപ്പ് പറയാനാവില്ല. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് കാലാവധി നീട്ടുന്ന കാര്യത്തില്‍ അഭിപ്രായം ചോദിക്കുന്നത്. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. തിങ്കളാഴ്ച എല്ലാ കക്ഷികളും അഭിപ്രായം അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശ്യമില്ളെന്നും കമീഷന്‍ വ്യക്തമാക്കി. സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍ കൂടുതല്‍ സമയമെടുത്ത് സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഭൂരിഭാഗം കക്ഷികളുടെയും അഭിഭാഷകരുടെ അഭിപ്രായം.


മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി സംസാരിച്ചത് ശരിയായില്ല - സോളാര്‍ കമീഷന്‍
മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ സോളാര്‍ കമീഷനെ കുറ്റപ്പെടുത്തി സംസാരിച്ചത് ശരിയായില്ളെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്‍െറയും അഭിഭാഷകര്‍ കമീഷന്‍െറ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തത് ഏറെ മാനസിക വിഷമം ഉണ്ടാക്കി. മുതിര്‍ന്ന അഭിഭാഷകനായ ശ്രീകുമാറില്‍ നിന്നത് പ്രതീക്ഷിച്ചില്ല. കമീഷനില്‍ സ്ഥിരം ഹാജരാകുന്ന അഭിഭാഷകരില്‍ നിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല. ശ്രീകുമാറിനെക്കൊണ്ട് ആരെങ്കിലും ഇപ്രകാരം പറയിപ്പിക്കുന്നതാണോയെന്ന് സംശയിക്കുന്നതായും ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. സരിതയുടെ ക്രോസ് വിസ്താരത്തിനിടെ കോടതി പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ ചോദ്യം പാടില്ളെന്ന കമീഷന്‍ നിര്‍ദേശമാണ് അഡ്വ. ശ്രീകുമാറിനെ ചൊടിപ്പിച്ചത്. തന്‍െറ കക്ഷിയുടെ അവകാശമാണെന്ന് വാദിച്ച് ശ്രീകുമാര്‍ കമീഷന്‍ നിലപാടിനെ എതിര്‍ത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.