ചോർന്ന ബജറ്റെന്ന് ആരോപണം; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലെ വിവരങ്ങള്‍ ചോർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. രാവിലെ ഒൻപത് മണിക്ക് ഉമ്മൻചാണ്ടി ബജറ്റ് അവതരണം ആരംഭിച്ചയുടൻ തന്നെ പ്രതിപക്ഷം പ്ളക്കാർഡുകളും ബാനറുകളുമായി പ്രതിഷേധം ആരംഭിച്ചു. പിന്നീട് പ്ളക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ചോർന്ന ബജറ്റിന്‍റെ പകർപ്പുകൾ വി.ശിവൻകുട്ടി എം.എൽ.എ സഭയില്‍ വിതരണം ചെയ്‍തു. തുടർന്ന് മുദ്രാവാക്യം വിളിയോടെ പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭാകവാടത്തിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

ചോർന്ന ബജറ്റാണ് നിയമസഭയിൽ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അഴിമതി വീരനാണെന്നും ധർണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ ആരോപിച്ചു. ബജറ്റ് വിവരങ്ങൾ സൂക്ഷിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ചോര്‍ന്നെന്ന് പ്രതിപക്ഷം പറയുന്ന ബജറ്റിലെ വിവരങ്ങൾ ഇവയാണ്. 9897 കോടി രൂപയുടെ റവന്യൂകമ്മി. ധനക്കമ്മി 19,971 കോടി രൂപ. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടി രൂപ. പദ്ധതി ചെലവ് 23,583 കോടി രൂപ. റവന്യൂചെലവ് 99,990 കോടി രൂപ. മൂലധനച്ചെലവ് 9572 കോടി രൂപ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.