സമസ്ത സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ആലപ്പുഴ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളനത്തിന് ആലപ്പുഴയില്‍ ഉജ്ജ്വല തുടക്കം. ഇ.എം.എസ് സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ബഹ്റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാളില്‍ അല്‍ ദൂസരി ഉദ്ഘാടനം ചെയ്തു. ഇതര സംസ്കാരങ്ങളോടും അന്യദേശക്കാരോടും സഹിഷ്ണുത കാട്ടിയ മഹത്തായ പാരമ്പര്യമാണ് കേരളീയ സമൂഹത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ സംവിധാനവും സമാധാന സമൂഹവും കേരളത്തിന്‍െറ പ്രത്യേകതയാണ്. പ്രവാചകകാലം മുതല്‍ തന്നെ കേരളീയ മുസ്ലിം സമൂഹം സമാധാനത്തോടെ മതപ്രചാരണ രംഗത്ത് വ്യാപൃതരായിരുന്നു. പ്രവാചകചര്യ ജീവിതത്തിലുടനീളം നിലനിര്‍ത്തുമ്പോഴാണ് ഇസ്ലാമിന്‍െറ അന്തസ്സത്ത ഉള്‍ക്കൊണ്ടുള്ള ജീവിതക്രമം ചിട്ടപ്പെടുത്താന്‍ കഴിയുക.
അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മാതൃകയാണ്. കേരളത്തിന്‍െറ ഇസ്ലാമിക പൈതൃകം അഭിമാനകരമാണ്. മതത്തെ തെറ്റായ രീതിയില്‍ മനസ്സിലാക്കിയവരാണ് അക്രമ മാര്‍ഗത്തിലൂടെ ഇസ്ലാമിക പ്രചാരണത്തിന് ഒരുങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. ആലികുട്ടി മുസ്ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്ബോധനം നടത്തി. സമസ്ത സമ്മേളന സുവനീര്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലിയില്‍ നിന്നും നിര്‍മാണ്‍ മുഹമ്മദലി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഹമീദലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, സി. മോയിന്‍ കുട്ടി എം.എല്‍.എ, ടി.കെ. ഇബ്രാഹിം കുട്ടി മൗലവി കൊല്ലം, സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഫൈസല്‍ ശംസുദ്ദീന്‍, പി.എ. അബൂബക്കര്‍, സിയാദ് വലിയകുളം എന്നിവര്‍ പങ്കെടുത്തു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും മെട്രോ മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.