രണ്ട് വര്‍ഷം കൊണ്ട് ബി.ജെ.പിക്ക് ലഭിച്ച സംഭാവന 608 കോടി, എ.എപിയുടെ വരുമാനത്തിൽ 275 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: 2013-ലേയും 2015-ലേയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 608 കോടി രൂപ. 2013-ല്‍ നിന്ന് 2015-ല്‍ എത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ വരുമാനത്തില്‍ ഉണ്ടായത് 275 ശതമാനം വര്‍ധനയെന്നും അസോസിയേഷന്‍ ഫോര്‍ നാഷണല്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കണക്കുകള്‍ പ്രകാരം 2013-ലെ ഡല്‍ഹി തിരഞ്ഞെടുപ്പ് കാലത്ത് 170.86 കോടി രൂപ സംഭാവനയായി ലഭിച്ച ബി.ജെ.പിക്ക് 2015-ലെ തെരഞ്ഞെടുപ്പ് കാലത്ത് 437.35 കോടി രൂപയാണ് സംഭാവനയിലൂടെ നേടാനായത്. രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായത് 156 ശതമാനം വളര്‍ച്ച. എന്നാല്‍ ശതമാനകണക്കില്‍ ബി.ജെ.പിയേക്കാള്‍ വരുമാന വര്‍ധന രേഖപ്പെടുത്തിയത് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയാണ്. 2013-ല്‍ 9.42 കോടി രൂപ സംഭാവനയായി നേടിയ ആം ആദ്മി പാര്‍ട്ടിക്ക് 2015-ല്‍ ലഭിച്ചത് 35.28 കോടി രൂപയാണ്.

2013 കോണ്‍ഗ്രസിന് 59.58 കോടി രൂപ സംഭാവനയാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2015ല്‍ 141.46 കോടി രൂപ വരുമാനമായി നേടാന്‍ സാധിച്ചു. എൻ.സി.പി 52.84 കോടി രൂപ സംഭാവന ലഭിച്ചപ്പോള്‍ സി.പി.എമ്മിന്‍റെ വരുമാനം 3.44 കോടിയായി വര്‍ധിച്ചു. സി.പി.ഐക്ക് 2015ല്‍ 11 ലക്ഷം രൂപയുടെ വര്‍ധന മാത്രമാണ് ഉണ്ടായത്.

ജനപ്രാതിനിധ്യ നിയമപ്രകാരം 20,000-ത്തിന് മുകളിലുള്ള സംഭാവന തുകകളുടെ കണക്കുകള്‍ രാഷ്ട്രീയ കക്ഷികള്‍ സൂക്ഷിക്കേണ്ടതുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി മാത്രമാണ് ഒരു രൂപ മുതല്‍ മുകളിലോട്ട് തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച മുഴുവന്‍ തുകയുടേയും കണക്കുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.