തെരുവുനായയുടെ ആക്രമണത്തില്‍ ബാലികയുടെ മുഖത്ത് കടിയേറ്റു

കോട്ടയം: സ്കൂളിലേക്ക് നടന്നുപോയ ഇരട്ടസഹോദരിമാര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ഒരു ബാലികയുടെ മുഖത്ത് കടിയേറ്റു. വഴിയാത്രക്കാരിയായ വീട്ടമ്മ നായയെ കല്ളെറിഞ്ഞ് തുരത്തിയാണ് കുട്ടികളെ രക്ഷിച്ചത്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥിനിയും കൊല്ലാട് കുന്നംപള്ളി നമ്പൂണില്‍കരോട്ടില്‍ സാബുവിന്‍െറ മകളുമായ അഞ്ജലിക്കാണ് (10) നായയുടെ കടിയേറ്റത്. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 7.45ന് കൊല്ലാട് കുന്നംപള്ളിയിലാണ് സംഭവം. ഇരട്ടസഹോദരിമാരായ അഞ്ജലിയും ആതിരയും രാവിലെ സ്കൂളില്‍ പോകുന്നതിനായി വീടിനടുത്തുള്ള ഷാപ്പുംപടി ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ആതിരക്ക് തൊട്ടുപിന്നിലായി നടന്ന അഞ്ജലിയുടെ മേല്‍ തെരുവുനായ അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. നിലത്തുവീണ അഞ്ജലിയുടെ നേരെ പരാക്രമം നടത്തിയ നായ പുരികത്തിന് മുകളിലായി കടിച്ചു. കരഞ്ഞു നിലവിളിച്ച് നായയെ തട്ടിമാറ്റാനുള്ള അഞ്ജലിയുടെയും ആതിരയുടെയും ശ്രമം വിജയിച്ചില്ല. വഴിയാത്രക്കാരിയും അയല്‍വാസിയുമായ മേരിക്കുട്ടി കുരച്ച് ചീറിയടുത്ത നായയെ കല്ളെറിഞ്ഞ് തുരത്തിയാണ് ബാലികയെ രക്ഷിച്ചത്. ആതിരക്ക് കടിയേറ്റില്ല.
കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയത്തെിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പതിവായി ഇടവഴിയിലൂടെ നടന്ന് ബസില്‍ കയറി സ്കൂളിലേക്ക് പോയിരുന്നവര്‍ പേടിച്ചു വിറച്ചിരിക്കുകയാണ്. സ്കൂളില്‍ പോകാന്‍ ഭയമാണെന്ന് മാതാവ് ശ്രീദേവി ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ ഇരുവരും സ്കൂള്‍ ബസിലാണ് പോയിരുന്നത്. ഡ്രൈവറായ സാബുവിന്‍െറ തുച്ഛ വരുമാനം നിര്‍ധന കുടുംബത്തിന്‍െറ ചെലവ് താങ്ങാതെ വന്നതോടെ സ്കൂള്‍ ബസ് ഒഴിവാക്കുകയായിരുന്നു.
ഈ അധ്യയനവര്‍ഷം മുതല്‍ സ്വകാര്യബസ് ആശ്രയിച്ചാണ് സ്കൂളില്‍ പോയിരുന്നത്.
സമീപത്തെ വീട്ടിലെ ആട് ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച നായയെ പിടികൂടാനായിട്ടില്ല. സംഭവമറിഞ്ഞ് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ആര്‍. സുനില്‍കുമാര്‍, അംഗങ്ങളായ സി.വി. ചാക്കോ, ഷെബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയുടെ വീട്ടിലത്തെി 2000 രൂപ അടിയന്തരസഹായം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.