മാധ്യമങ്ങൾ ജുഡീഷ്യറിയെകുറിച്ച് സംശയങ്ങൾ സൃഷ്ടിക്കുന്നു -ജസ്റ്റിസ് ശങ്കരൻ

മുവാറ്റുപുഴ: കേരളത്തിലെ മാധ്യമങ്ങളുടെ ഒരു മാസത്തെ പ്രവർത്തനങ്ങൾ വീക്ഷിച്ചാൽ വിജിലൻസ് കോടതി മാത്രമെ പ്രവർത്തിക്കുന്നുള്ളുവെന്ന് തോന്നുമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.റ്റി. ശങ്കരൻ. ജുഡീഷ്യറിയെക്കുറിച്ച് ജനങ്ങളെ സംശയാലുക്കളാക്കുന്ന നടപടികളാണ് ചാനലുകളിൽ നടക്കുന്നതെന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവെ അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയെ കുറിച്ച് ജനങ്ങളിലേക്ക് കൊടുക്കുന്ന ആശയങ്ങൾക്കും, അതുണ്ടാക്കുന്ന സംശയങ്ങൾക്കും രാഷ്ട്രിയ മാനവും തെരഞ്ഞെടുപ്പു ബന്ധവും വോട്ട് രാഷ്ട്രീയവുമുണ്ടാകാം. ഇത് അന്തിമമായി എത്തിക്കുന്നത് ജുഡീഷ്യൽ സംവിധാനത്തിന്‍റെ ബലക്ഷയത്തിലേക്കാണ്. ഈ തിരിച്ചറിവ് എന്നുണ്ടാവുന്നുവോ അന്നേ ജുഡീഷ്യൽ സംവിധാനം ശക്തമാകൂ. ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ പുറത്തു നിന്നു തീർപ്പുകൽപിക്കുന്നത് സ്വാഭാവിക നീതിയല്ല. അവരുടെ ഭാഗം കേൾക്കാതെയും പരിഗണിക്കാതെയുമാണ് ഇത്തരം തീർപ്പുകൽപിക്കൽ നടക്കുന്നത്. പ്രവർത്തിക്കുക എന്നല്ലാതെ ബോധ്യപ്പെടുത്താൻ ജുഡീഷ്യൽ ഓഫീസേഴ്സിന് വേദിയില്ല. നിയമം ഇത് അനുവദിക്കുന്നുമില്ല. വ്യക്തികളെയും വിധിന്യായങ്ങളെയും വിമർശിക്കാം പക്ഷെ അത് ജുഡീഷ്യറിയെ അപകടപ്പെടുത്തുന്ന തരത്തിലാകരുതെന്നും ജസ്റ്റിസ് ശങ്കരൻ പറഞ്ഞു.

പുതിയ നിയമങ്ങൾ കോടതികൾക്ക് ഉണ്ടാക്കുന്ന സമ്മർദങ്ങൾ എത്രയെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ഇത് പഠിക്കണം. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടണം. ജനാധിപത്യ സംവിധാനത്തിൽ ജുഡീഷ്യറിക്കും ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ഫോർത്ത് എസ്റ്റേറ്റിനും തുല്യ പ്രാധാന്യമാണുള്ളത്. ഇവ കാര്യക്ഷമമായി നിലനിന്നാലെ ജനാധിപത്യം നിലനിൽക്കൂ. ഒന്ന് ഒന്നിന് താഴെ-മീതെ എന്ന ചിന്ത അനാരോഗ്യകരമാണ്. ഇവ ശക്തമാകുമ്പോഴെ പൗരാവകാശം സംരക്ഷിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.