തിരുവനന്തപുരം: ഫേസ്ബുക്ക് ഉപയോഗിച്ചതിന് ഡി.ജി.പിക്കെതിരായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാതനന്ദൻ നടത്തിയ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. സാമൂഹ്യമാധ്യമം ഉപയോഗിക്കരുതെന്ന് പറയാൻ സാധിക്കില്ല. ഡി.ജി.പി ടി.പി സെൻകുമാറും എ.ഡി.ജി.പി ഹേമചന്ദ്രനും പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ്. സോളാർ രേഖകൾ നഷ്ടപ്പെട്ടു എന്ന പരാതിയിൽ ഫയൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. അപകീർത്തിപ്പെടുത്തി യു.ഡി.എഫ് സർക്കാറിനെ താഴെയിറക്കാൻ സാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലാണ് കുറ്റകൃത്യം ചെയ്യുന്നവർ ഏറ്റവും മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നത്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനം മുന്നിലാണ്. ഇത് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് ക്രമസമാധാന നില തകരാറിലാണെന്ന് പറയുന്നത് ശരിയല്ല. ഓരോ വർഷവും കൊലപാതകങ്ങളുടെ നിരക്ക് കുറഞ്ഞുവരികയാണ്.
2014ൽ കൊലപാതകങ്ങളുടെ എണ്ണം 367 ആയിരുന്നെങ്കിൽ 2015ൽ ഇത് 315 ആയി. കൊലപാതങ്ങൾ വർധിക്കുന്നു എന്ന വാദം ശരിയല്ല. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന മൂന്ന് കൊലപാതകങ്ങളിലും 24 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഓപറേഷൻ കുബേര, ക്ലീൻ കാമ്പസ് സേഫ് കാമ്പസ് ഉൾപ്പടെയുള്ള പദ്ധതികൾ കാര്യക്ഷമമായാണ് നടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
കാസർകോട് ജില്ലയോട് തനിക്ക് വിരോധമുണ്ടെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നുണ്ട്. ഇത് ശരിയല്ല. ആലപ്പുഴ ജില്ല കഴിഞ്ഞാൽ തനിക്ക് ഏറ്റവും അടുപ്പമുള്ള ജില്ലയാണ് കാസർകോട്. പരാതി ലഭിച്ച ഉദ്യോഗസ്ഥനെ ഒഴിവ് അനുസരിച്ചാണ് കാസർകോട് ജില്ലയിലേക്ക് മാറ്റിയത്.
സംസ്ഥാനത്ത് വാഹനപരിശോധനയുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്നുണ്ട്. വാഹനങ്ങൾ പരിശോധിക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ വാഹനം ഓടിച്ചവരെ പൊലീസ് അടുത്തേക്ക് വിളിച്ചുവരുത്താൻ പാടില്ല. ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തേക്ക് പോകണം. ഇതിന് നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.