അവധിക്കാലത്ത് അമീന്‍ പറയുന്നു ‘ആക്ഷന്‍’

നടുവണ്ണൂര്‍: മൊബൈലില്‍ ഗെയിം കളിച്ച് സമയം കൊല്ലുന്ന ന്യൂജനറേഷന്‍ കുട്ടികള്‍ക്കിടയില്‍നിന്ന് വ്യത്യസ്തമായി ഇവിടെ ഒരുകൂട്ടം കുട്ടികള്‍ മൊബൈലില്‍ സിനിമ പിടിക്കുന്ന തിരക്കിലാണ്. ഇവര്‍ എടുത്ത ‘ഗുണ്ട’ എന്ന ഹ്രസ്വചിത്രം ഇപ്പോള്‍ പ്രദേശത്ത് തരംഗമായിരിക്കുകയാണ്.
ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി തിരുവോട് കൂരിക്കണ്ടി എന്‍.ആര്‍. അമീന്‍ അന്‍വറും കൂട്ടുകാരുമാണ് മൊബൈലില്‍ സിനിമ പിടിച്ച് അവധിക്കാലം ചെലവഴിക്കുന്നത്. വാകയാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന അമീന്‍ എട്ടാം ക്ളാസ് മുതലാണ് മൊബൈലുമായി സിനിമ പിടിക്കാനിറങ്ങിയത്. വീരന്‍, മാജിക് റോക്, കബാലി തുടങ്ങിയ പേരുകളില്‍ ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘ഗുണ്ട’ ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെട്ടതാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതും ഒടുവില്‍ മാഫിയയെ തകര്‍ക്കുന്നതുമാണ് കഥ. സ്വന്തം വീടിന് പരിസരത്തും തകര്‍ന്നുവീഴാറായ നഴ്സറിയിലുമാണ് ചിത്രീകരണം. ഒന്നു മുതല്‍ പത്താം ക്ളാസ് വരെയുള്ള കുട്ടികളാണ് അഭിനയിച്ചിരിക്കുന്നത്.
കഥയും തിരക്കഥയും സംവിധാനവും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് അമീനാണ്. എ.സി. സിനാന്‍, ഷാലൂഫ്, സനൂഫ്, ടി.കെ. ഹാഫിസ്, നിഹാദ്, ജലീല്‍, ഷഹീന്‍, അദീല്‍, ഹനീസ്, ആദര്‍ശ്, സാബിത്ത് അനാന്‍, ആദിഫ്, റാഷിദ് എന്നിവരാണ് അഭിനേതാക്കള്‍. ജലീലും സിനാനുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. ആറുദിവസമാണ് ചിത്രീകരണത്തിന് എടുത്തത്. പോരായ്മകളുണ്ടെങ്കിലും ഈ കുട്ടിസിനിമ നിരവധി പേര്‍ കണ്ടുകഴിഞ്ഞു. തന്‍െറ കൈയിലുള്ള മൊബൈല്‍ ഫോണിലും ടാബിലുമാണ് ഷൂട്ടിങ്ങും എഡിറ്റിങ്ങുമൊക്കെ അമീന്‍ ചെയ്യുന്നത്. കൂരികണ്ടി റഷീദിന്‍െറയും നദീറയുടെയും മകനായ അമീന് സിനിമ ചെയ്യാന്‍ പരിശീലനമൊന്നും കിട്ടിയിട്ടില്ല. പോരായ്മകള്‍ മനസ്സിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് അമീന്‍ പറയുന്നു. അവധിക്കാലം ക്രിയാത്മകമായി ചെലവിടുന്ന ഈ കുട്ടിക്കൂട്ടം പുകവലിക്കെതിരെയുള്ള പുതിയ പ്രോജക്ടിന്‍െറ ഒരുക്കത്തിലാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.