കറുകുറ്റി ട്രെയിൻ അപകടം: തെളിവെടുപ്പിനെത്തിയത് രണ്ടുപേർ

അങ്കമാലി: കറുകുറ്റിയിലുണ്ടായ തീവണ്ടി അപകടം സംബന്ധിച്ചുള്ള തെളിവെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് തെളിവ് നല്‍കാന്‍ എത്തിയത് ബാങ്ക് ജീവനക്കാരനടക്കം രണ്ട് പേര്‍. അവരാകട്ടെ യാത്രക്കാരുമല്ല. അപകടമറിഞ്ഞ്  സ്ഥലത്തെത്തിയവര്‍.

അപകടം സംഭവിച്ച തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്‍െറ 12 ബോഗികളാണ് ഞായറാഴ്ച പുലര്‍ച്ചെ അങ്കമാലി കറുകുറ്റി റെയില്‍വെ സ്റ്റേഷന് സമീപം പാളം തെറ്റിയത്. 1500ഓളം യാത്രക്കാര്‍ തീവണ്ടിയിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും ജീവാപായമുണ്ടായില്ല. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്.  അപകടത്തില്‍പ്പെട്ട കമ്പാര്‍ട്ടുമെന്‍റുകളിലെ യാത്രക്കാര്‍ അപകടത്തിന്‍െറ തീവ്രതയോര്‍ത്ത്  ഇപ്പോഴും ഭീതിയുടെ മുള്‍മുനയിലാണ്. എസ്-നാല് മുതല്‍ എസ്-ഏഴ് വരെയുള്ള നാല് സ്ളീപ്പര്‍ കമ്പാര്‍ട്ടുമെന്‍റുകളാണ് പകുതിയോളം ചെരിഞ്ഞ് സമാന്തര ട്രാക്കില്‍ മെറ്റലില്‍ പൂഴ്ന്ന് നിന്നത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍  ദക്ഷിണ റെയില്‍വെ ചീഫ് സെക്യുരിറ്റി ഓഫീസര്‍ (സി.എസ്.ഒ) ജോണ്‍തോമസിന്‍െറ നേതൃത്വത്തില്‍ ചീഫ് ട്രാക്ക് എഞ്ചിനീയര്‍ (സി.ടി.ഇ) ലത്തീഫ് ഖാന്‍, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ കോഡിനേഷന്‍ രാജേന്ദ്ര കുമാര്‍ മീണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അപകടം സംബന്ധിച്ച് തെളിവെടുപ്പ് നടക്കുന്നത്.

ഇതുവരെ റെയില്‍വേയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ നിന്നായിരുന്നു തെളിവെടുപ്പ്. പാളത്തിന്‍റെ തകരാണ് അപകടം ഉണ്ടാക്കിയതെന്നാണ് ഇതുവരെ തെളിവെടുപ്പില്‍ ലഭിച്ച വിവരം. അവസാനമായി റെയില്‍വെയുടെ ട്രാക്കിന്‍റെ ചുമതലയുള്ള എഞ്ചിനീയര്‍ വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇന്നത്തെ തെളിവെടുപ്പ്. എങ്കിലും പൊതുജനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ അവസരം നല്‍കും. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് തെളിവ് നല്‍കുന്നത് ഇല്ലാതെ വന്നാല്‍ അന്വേഷണം സ്വാധീനങ്ങള്‍ക്ക് വഴങ്ങി പെരുമണ്‍ ദുരന്തത്തെപ്പോലെയും കടലുണ്ടി അപകടത്തെ പോലെയും പര്യവസാനിക്കാനാണ് സാധ്യത.

റെയില്‍വേക്ക് കോടികള്‍ നഷ്ടമുണ്ടാക്കിയ വന്‍ ദുരന്തം സംബന്ധിച്ച് പൊതജനങ്ങളുടെ ഭാഗത്ത് നിന്ന്  കാര്യമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ റെയില്‍വേക്കും അന്വേഷണ സംഘത്തിനും സംഭവത്തില്‍ നിന്ന് തലയൂരാനും അത് വഴിയൊരുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.