‘മൗലാന’യുടെ 1136 കോടിയില്‍ ലാഭം കൊയ്യുന്നത് ബാങ്കുകള്‍

മംഗളൂരു: മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍െറ പേരില്‍ ലാഭം കൊയ്യുന്നത് ബാങ്കുകള്‍. ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പായും സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍റായും ലഭിക്കുന്നത് ഈ ബാങ്കുകള്‍ നല്‍കുന്ന തുച്ഛമായ തുക. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്-267.50 കോടി, ഭാരതീയ മഹിളാ ബാങ്ക്്-213.50 കോടി, വിജയബാങ്ക്-185.01 കോടി, അലഹബാദ് ബാങ്ക്-129 കോടി, ഐ.ഡി.ബി.ഐ ബാങ്ക്-113 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല-99 കോടി, സിന്‍ഡിക്കേറ്റ് ബാങ്ക്-90 കോടി, ആന്ധ്ര ബാങ്ക്-38 കോടി എന്നിങ്ങനെ സ്ഥിരനിക്ഷേപത്തിലാണ് ഫൗണ്ടേഷന്‍െറ 1136 കോടി രൂപ.

അഞ്ച് കോടി രൂപയില്‍ കേന്ദ്രസര്‍ക്കാര്‍ 1992-93ല്‍ തുടങ്ങിയ ഫൗണ്ടേഷന്‍െറ കോര്‍പസ് ഫണ്ട്  13 തവണകളായി നടത്തിയ നിക്ഷേപങ്ങളിലൂടെയാണ് നിലവിലുള്ള തുകയിലത്തെിയത്. മൗലാന ആസാദിന്‍െറ ബന്ധു നജ്മ ഹിബതുല്ല കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഫൗണ്ടേഷന്‍ അധ്യക്ഷ പദവിയിലിരുന്ന കാലയളവില്‍ കോര്‍പസ് ഫണ്ട് അക്കൗണ്ടില്‍ വീണത് 380 കോടി രൂപ. 2013-14 ഗഡുവായി 160 കോടി, 2014-15ല്‍ 113 കോടി, 2015-16ല്‍ 113 കോടി എന്നിങ്ങനെയാണ് നിക്ഷേപിച്ചത്. 11ാം പദ്ധതി കാലയളവില്‍ 750 കോടിയില്‍ മുട്ടിനിന്ന ഫണ്ട് 12ാം പദ്ധതി അവസാനത്തോടെ 1250 കോടിയാക്കാനുള്ള  ശ്രമങ്ങള്‍ നജ്മ നടത്തിയിരുന്നു.

ഓരോ വര്‍ഷവും ബാങ്കുകള്‍ നല്‍കുന്ന നിശ്ചിത തുകയാണ് ഫൗണ്ടേഷന്‍ വിവിധ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നത്. എച്ച്.പി.സി.എല്‍, ‘സെയില്‍’, ഐ.ഡി.ബി.ഐ എന്നിവ സംഭാവനയായി നല്‍കിയ 12 ലക്ഷം രൂപയും കോര്‍പസ് ഫണ്ട് നിക്ഷേപമായുണ്ട്.  മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ബുദ്ധ മത വിഭാഗം വിദ്യാര്‍ഥിനികളുടെ സ്കോളര്‍ഷിപ്, ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസന ഗ്രാന്‍റ്, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ നടത്തുന്നത്. ലബോറട്ടറി സൗകര്യമൊരുക്കാന്‍ രണ്ട് ലക്ഷം  മുതല്‍ കെട്ടിടനിര്‍മാണങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടക്കേണ്ടതില്ലാത്ത സഹായമായി നല്‍കുന്നു.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറ്റു ആനുകൂല്യങ്ങള്‍ക്കെന്ന പോലെ മേയ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് അപേക്ഷാസമയം. വിവിധ സംസ്ഥാനങ്ങളിലെ 1548 സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യവികസനത്തിനായി 199.73 കോടി രൂപ ഫൗണ്ടേഷന്‍ ഇതിനകം അനുവദിച്ചു. കേരളത്തില്‍ 102 സ്ഥാപനങ്ങള്‍ക്ക് 15.86 കോടി രൂപയും കര്‍ണാടകയില്‍ 114 സ്ഥാപനങ്ങള്‍ക്ക് 15.99 കോടി രൂപയുമാണ് അനുവദിച്ചത്. സ്കോളര്‍ഷിപ്പായി 230744 കുട്ടികള്‍ക്ക് വിതരണം ചെയ്തത് 275 കോടി രൂപ. ഇതില്‍ കേരളത്തിലെ 31838 കുട്ടികള്‍ക്ക് 3808.20 ലക്ഷം രൂപയും കര്‍ണാടകയിലെ 12996 കുട്ടികള്‍ക്ക് 1536.96 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.