വഖ്‌ഫ് ബോർഡിന്‍റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: വഖ്‌ഫ് ബോർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം തിരിച്ചടക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി. മുഹമ്മദ് ജമാൽ 2001-02 മുതൽ 2016 -17 വരെയുള്ള കാലയളവിൽ അനർഹമായി കൈപ്പറ്റിയ സ്പെഷ്യൽ വേതനം (പേ) ആകെ 1,02,100 രൂപയാണ്. ആ തുകയിന്മേൽ നൽകിയിരുന്ന ക്ഷാമാശ്വാസതുകയും ചേർത്തുള്ള മൊത്തം തുക അദ്ദേഹത്തിൽ നിന്നും നടപടിക്രമം പാലിച്ച് തിരിച്ചു പിടിക്കാനുള്ള നടപടികൾ വഖ്ഫ് ബോർഡ് സ്വീകരിക്കണം. ഇക്കാര്യം ഭരണവകുപ്പ് ഉറപ്പ് വരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

വഖ്‌ഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ ബോർഡിൻ്റെ എക്‌സ്‌-ഒഫീഷ്യാ സെക്രട്ടറി കൂടിയായിരുന്ന മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുഹമ്മദ് ജമാലിനെതിരെ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതി നൽകിയിരുന്നു. മുൻ ചീഫ് എക് സിക്യൂട്ടീവ് ഓഫീസർ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചുള്ള ആരോപണങ്ങളിന്മേൽ അന്വേഷണം നടത്തുന്നതിന് ധനകാര്യ പരിശോധന വിഭാഗത്തെ ചുമതലപ്പെടുത്തുന്നതിന് മന്ത്രി നിർദേശം നൽകി. ഈ വിഷയത്തിന്മേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ധനമന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതോടൊപ്പം കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ മുഖ്യമന്ത്രിക്കും വഖ്‌ഫ് വകുപ്പ് മന്ത്രിക്കും സമർപ്പിച്ചിരുന്ന നിവേദനങ്ങളും ധനകാര്യ പരിശോധനാ വിഭാഗത്തിൻറെ പരിശോധനക്കായി ലഭിച്ചു. തുടർന്ന് ധനകാര്യ പരിശോധനാ വിഭാഗം എറണാകുളത്തുള്ള സംസ്ഥാന വഖ്‌ഫ് ബോർഡ് ആസ്ഥാന ഓഫീസിൽ പരിശോധന നടത്തിയത്.

സംസ്ഥാന വഖ്‌ഫ് ബോർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി. മുഹമ്മദ് ജമാലിന്റെ ശമ്പളം സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്നും നിലവിലുണ്ടായിരുന്ന സർക്കാർ ഉത്തരവുകൾ ലംഘിച്ച് 2014 ജൂലൈ ഒന്ന് മുതൽ 2018 ജനുവരി 31 വരെയുള്ള കുടിശ്ശിക ഒറ്റത്തവണയിൽ 1,37,349 രൂപ പണമായി അദ്ദേഹം കൈപ്പറ്റിയതായി പരിശോധയിൽ കണ്ടെത്തി.

ഈ നടപടി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ ലംഘനമാണ്. അതിനാൽ അദ്ദേഹം അനർഹമായി കൈപ്പറ്റിയ തുക ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള അനുവദനീയമായ പലിശ സഹിതം പ്രോവിഡന്റ് ഫണ്ടിൽ യഥാസമയം ലയിപ്പിക്കേണ്ടിയിരുന്ന തുകയെക്കാൾ അധികരിക്കുന്ന പക്ഷം അധികരിച്ച തുകയും കേരള ഫിനാൻഷ്യൽ കോഡ് ആർട്ടിക്കിൾ പ്രകാരം കണക്കാക്കുന്ന പിഴപലിശയും ചേർന്നുള്ള തുക അദ്ദേഹത്തിൽ നിന്നും തിരികെ ഈടാക്കണം. അതിനുള്ള നടപടികൾ വഖ്ഫ് ബോർഡ് സ്വീകരിക്കണം. ഇക്കാര്യത്തിലും നടപടി സ്വീകരിച്ചുവെന്ന് ഭരണ വകുപ്പ് ഉറപ്പു വരുത്തണമെന്നാണ് ശിപാർശ.

സംസ്ഥാന വഖ്‌ഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ശമ്പളം നിയമനാധികാരി കൂടിയായ സർക്കാർ നിശ്ചയിച്ചു നൽകേണ്ടതാണെന്ന് 1996ലെ സംസ്ഥാന വഖ്ഫ് ചട്ടത്തിലും 2019ലെ സംസ്ഥാന വഖ്ഫ് ചട്ടത്തിലും വകുപ്പ് 63 (മൂന്ന്) ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതാതുകാലങ്ങളിൽ ഡെപ്യൂട്ടി സെക്രട്ടറിയുടേയും അഡീഷണൽ സെക്രട്ടറിയുടേയും തസ്തികയിലെ വേതനം, അലവൻസുകൾ എന്നിവ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ബി. മുഹമ്മദ് ജമാലിനു സർക്കാർ നിശ്ചയിച്ചു നൽകേണ്ടതായിരുന്നു.

എന്നാൽ, അദ്ദേഹത്തിന്റെ ശമ്പളം സർക്കാർ യാതൊരു ഘട്ടത്തിലും നിശ്ചയിച്ച് നൽകിയിട്ടില്ലെന്നാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണ കുറിപ്പിന് വഖഫ് ബോർഡും സ്പഷ്ടീകരണമായി റവന്യൂ വകുപ്പും മറുപടി നൽകിയത്. ഈ സാഹചര്യത്തിൽ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ബി. മുഹമ്മദ് ജമാൽ അതാതുകാലങ്ങളിൽ ഡെപ്യൂട്ടി സെക്രട്ടറിയുടേയും അഡീഷണൽ സെക്രട്ടറിയുടേയും തസ്തികയിലെ വേതനം, അലവൻസുകൾ എന്നിവ കൈപ്പറ്റിയതു സംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായം തേടി നിലവിലെ കോടതി ഉത്തരവുകൾക്ക് വിധേയമായി ഭരണവകുപ്പ് ഉചിതമായ തീരുമാനം കൈക്കൊള്ളമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

സംസ്ഥാന വഖ്‌ഫ് 2016 ലെ റെഗുലേഷൻസിന് വിരുദ്ധമായി നടത്തിയിട്ടുള്ള നിയമനം, സ്ഥാനക്കയറ്റം എന്നിവയിൽ ഹൈകോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായി വഖ്‌ഫ് ബോർഡ് ഉചിതമായ നടപടികൾ സ്വീകരിണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Tags:    
News Summary - Former Chief Executive Officer of Waqf Board to refund special pay received undeservedly, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.