ഏത് തമ്പുരാന്‍ എതിർത്താലും താന്‍ വിളക്ക് കൊളുത്തും -പി.കെ. ശശി (വിഡിയോ)

പാലക്കാട്: നിലവിളക്ക് കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ പ്രസ്താവനക്ക് പിന്നാലെ നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ. ശശി രംഗത്ത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ. ശശിയുടെ പ്രസംഗം. ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്കൂളിലെ ഒൗഷധത്തോട്ടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിളക്ക് കൊളുത്തുന്നതുപോലും വിവാദമാകുന്ന കാലമാണിത്. മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുകയെന്നുള്ളതെന്ന് പി.കെ. ശശി പറഞ്ഞു.
 
അതേസമയം, പ്രസ്താവന വിവാദമായതിനുപിന്നാലെ പി.കെ. ശശി വിശദീകരണവുമായി രംഗത്തുവന്നു. തന്‍െറ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്നും മന്ത്രി സുധാകരനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ചടങ്ങിന്‍െറ വേദിയിലേക്ക് കയറുന്നതിനിടെ, സംഘാടകരില്‍ ഒരാള്‍ നിലവിളക്ക് കൊളുത്തുന്നതിന് എതിര്‍പ്പ് ഉണ്ടോയെന്ന് ആരാഞ്ഞിരുന്നു. ലീഗിന്‍െറ ചില എം.എല്‍.എമാര്‍ നിലവിളക്ക് കൊളുത്താത്തതും ഈ സന്ദര്‍ഭത്തില്‍ ആരോ പരാമര്‍ശിച്ചു. ഇത് വെച്ചാണ് താന്‍ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവിളക്ക് കൊളുത്തരുതെന്ന് ഒരാളോടും പറഞ്ഞതായി താന്‍ മനസ്സിലാക്കിയിട്ടില്ളെന്ന് ശശി പറഞ്ഞു.

ഒരു പാര്‍ട്ടി സ്കൂളിലും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം നിലവിളക്ക് കൊളുത്തുന്നവരായിരുന്നു. ഒൗദ്യോഗിക പരിപാടികളില്‍ നിലവിളക്ക് കൊളുത്താന്‍ ആരേയും നിര്‍ബന്ധിക്കരുതെന്നാണ് മന്ത്രി ജി. സുധാകരന്‍ പ്രസ്താവിച്ചതെന്നും പി.കെ. ശശി ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് ആക്രമണമുണ്ടായ ചെര്‍പ്പുളശ്ശേരി നെല്ലായയില്‍ പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് പി.കെ. ശശി എം.എല്‍.എ ഏതാനും മാസം മുമ്പ് വിവാദത്തില്‍പ്പെട്ടിരുന്നു.
 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.