അങ്കണവാടികളിലെ കുടിവെള്ളത്തിന്‍െറ നിലവാരം പഠിക്കാന്‍ കേന്ദ്ര നിര്‍ദേശം

തൊടുപുഴ: സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും ഉപയോഗിക്കുന്ന കുടിവെള്ളത്തിന്‍െറ ഗുണനിലവാരം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്രത്തിന്‍െറ നിര്‍ദേശം. വനിത, ശിശുവികസന മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലെ ഭൂഗര്‍ഭ ജല ബോര്‍ഡാണ് പഠനം നടത്തുക. ഇതിനു മുന്നോടിയായി കേരളത്തിലെ അങ്കണവാടികളുടെ വിശദ പട്ടിക ബോര്‍ഡിന്‍െറ കേരള മേഖലാ ഓഫിസ് സംസ്ഥാന സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ചില അങ്കണവാടികളില്‍ പ്രത്യേകിച്ച്, ജലക്ഷാമം നേരിടുന്ന മേഖലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടക്കും. ബോര്‍ഡ് എല്ലാ വര്‍ഷവും ഏപ്രിലില്‍ സംസ്ഥാനത്തെ പൊതുസ്ഥലങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലെ 1500ഓളം കിണറുകളില്‍നിന്ന് കുടിവെള്ളത്തിന്‍െറ സാമ്പ്ള്‍ ശേഖരിച്ചു പരിശോധിക്കാറുണ്ട്. എന്നാല്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ഇത്തരമൊരു പരിശോധന ആദ്യമാണെന്ന് കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് കേരള റീജനല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു ‘മാധ്യമ’ത്തോട് പറഞ്ഞു.

വിവിധ സ്രോതസ്സുകളില്‍നിന്നായി അങ്കണവാടികളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ക്ളോറൈഡ്, ബൈകാര്‍ബണേറ്റ്, സള്‍ഫേറ്റ്, ഇരുമ്പ് തുടങ്ങിയവയുടെ സാന്നിധ്യം ക്രമാതീതമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹികനീതി വകുപ്പില്‍നിന്ന് പട്ടിക ശേഖരിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു ജില്ലക്ക് ഒരു വാഹനം എന്ന തോതിലാകും ഇതിനായി ഉപയോഗിക്കുക. അങ്കണവാടികളില്‍ നേരിട്ടത്തെി സാമ്പ്ളായി ഒരു ലിറ്റര്‍ കുടിവെള്ളം ശേഖരിക്കും. സാധാരണ എല്ലാവര്‍ഷവും നടക്കുന്ന കുടിവെള്ള പരിശോധനക്കൊപ്പം ഇതുകൂടി നടത്തി പഠനത്തിനുവേണ്ടി വരുന്ന മനുഷ്യവിഭവശേഷിയും സാമ്പത്തിക ചെലവും കുറക്കാമെന്നാണ് ബോര്‍ഡിന്‍െറ കണക്കുകൂട്ടല്‍.

പഠനത്തിനായി അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്‍െറ വിവരങ്ങളടക്കം മൂന്നു മാസം മുമ്പ് ആവശ്യപ്പെട്ടെങ്കിലും പല ജില്ലകളില്‍നിന്ന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പട്ടിക അടിയന്തരമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഐ.സി.ഡി.എസ് ജില്ലാ ഓഫിസര്‍മാര്‍ക്ക് വീണ്ടും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. വിശദ പഠനത്തിനുശേഷം റിപ്പോര്‍ട്ട് കേന്ദ്രജലവിഭവം, വനിതാ-ശിശു വികസനം എന്നീ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കൈമാറുമെന്ന് റീജനല്‍ ഡയറക്ടര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.